ലാല്‍ജോസ് ചിത്രം ക്ലാസ്മേറ്റ്സില്‍ മുരളിയായി എത്തി ഹൃദയം കീഴടക്കിയ നരേന്‍ എന്ന നടനെ ഏറെക്കാലം മലയാളസിനിമയില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ താരം വീണ്ടും ശക്തമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കാര്‍ത്തി കേന്ദ്രകഥാപാത്രമായി എത്തിയ കൈതിയിലൂടെ. കൈതിയില്‍ ബിജോയ് എന്ന പൊലീസുകാരനായി നരേന്‍ തകര്‍ത്തുവെന്നാണ് കാഴ്ചക്കാര്‍ സിനിമ കണ്ടശേഷം അഭിപ്രായപ്പെട്ടത്. കൈതിയുടെ വിജയത്തിലൂടെ വീണ്ടും നരേന്‍ തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ സജീവമാകുമ്പോള്‍ തന്‍റെ സിനിമ കരിയറില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെകുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
'ഭാഗ്യം കൊണ്ട് പ്രതിസന്ധി കാലത്ത് കുടുംബത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ല. ഭാര്യ എന്‍റെ ഒപ്പം നിന്നു. അച്ഛനും അമ്മക്കും എന്താണ് സംഭവിക്കുന്നതെന്ന് യഥാര്‍ഥത്തില്‍ മനസിലായില്ല. ഇങ്ങനെയാണോ സിനിമയെന്നായിരുന്നു അച്ഛന്‍റെ ചോദ്യം. അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്. അഞ്ചെണ്ണവും ക്യാന്‍സലാകുന്നത് അസ്വാഭാവികമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. എന്‍റെ നിരവധി ചിത്രങ്ങള്‍ ഇടക്കുവെച്ച് നിന്നു. ചില നല്ല സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തി നിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. മുഖം മൂടി എന്ന ചിത്രം തീരാന്‍ രണ്ടുവര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതിന് ശേഷം മലയാളത്തില്‍ ഏഴ് സിനിമ കമ്മിറ്റ് ചെയ്തു. അതില്‍ ആറെണ്ണവും കാന്‍സലായി. ഏഴാമത്തെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെങ്കിലും പിന്നീട് നിന്നുപോയി. കുട്ടിക്കാലം മുതല്‍ക്കെ ആത്മീയതയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. അതാണ് പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചത്' നരേന്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവവും നരേന്‍ തുറന്നുപറഞ്ഞു. 'തമ്പിക്കോട്ടൈ എന്ന സിനിമയായിരുന്നു അത് 25 ദിവസത്തെ വര്‍ക്ക് ബാക്കി നില്‍ക്കുമ്പോള്‍ ഡയറക്ടറും നിര്‍മാതാവും വഴക്ക് തുടങ്ങി. റിലീസ് ചെയ്യാന്‍ പോലും നിര്‍മാതാവിന്‍റെ കയ്യില്‍ കാശില്ലെന്ന് അറിഞ്ഞതോടെ ഞാന്‍ തന്നെ സഹായിച്ച് കുറച്ച് പണം തരപ്പെടുത്തി കൊടുത്തു. പിന്നീട് ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ സിനിമയുടെ വിതരണക്കാരന്‍ എട്ട് കോടി രൂപയാണുണ്ടാക്കിയത്. അതില്‍ ഒരു രൂപ പോലും എനിക്ക് നല്‍കിയില്ല. അയാള്‍ ഞങ്ങളെ പറ്റിച്ചുവെന്ന് അറിയുന്നത് തന്നെ രണ്ട്, മൂന്ന് മാസം കഴിഞ്ഞാണ്. അയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മലയാളിയായതുകൊണ്ട് എന്നെ പിന്തുണക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും' നരേന്‍ കൂട്ടിച്ചേര്‍ത്തു.
പെങ്ങളില, മാര്‍ക്കോണി മത്തായി, മധുരരാജ എന്നീ മലയാള ചിത്രങ്ങളാണ് 2019ല്‍ നരേന്‍റേതായി തീയേറ്ററുകളിലെത്തിയത്. ഇവ മൂന്നും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.