റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് മലയാള സിനിമയിലേക്ക് ചേക്കേറിയ ഗായകനാണ് നജീം അർഷാദ്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലടക്കം യുവഗായകന്‍റെ ശബ്‌ദം എത്തിക്കഴിഞ്ഞു.
കെട്ട്യോളാണ് എന്‍റെ മാലാഖ ചിത്രത്തിലെ 'ആത്മാവിലെ വാനങ്ങളിൽ' എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ഇപ്പോഴിതാ, തന്‍റെയും മാതാപിതാക്കളുടെയും മതത്തെ ചൊല്ലി ചില ഓൺലൈൻ വാർത്താ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് നജീം അർഷാദ്.
- " class="align-text-top noRightClick twitterSection" data="">
നജീം മുസ്‌ലീമാണെന്ന് കരുതിയവർക്ക് മുന്നിൽ അമ്മ മതം മാറിയ വിശേഷങ്ങൾ ഗായകൻ പങ്കുവക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകൾക്കെതിരെയാണ് ഗായകൻ രംഗത്തെത്തിയത്.
Also Read: 'വിക്രം' തുടങ്ങി; കമൽ ഹാസൻ വീണ്ടും കാമറക്ക് മുന്നിൽ
തന്‍റെ ഉമ്മയുടെ പേര് റഹ്‌മ എന്നാണെന്നും പേര് മാറ്റിയിട്ട് 45 വർഷം ആയെന്നും നജീം പറഞ്ഞു. വാപ്പയുടെ പേര് ഷാഹുൽ ഹമീദ് എന്നും ഇസ്ലാം ചുറ്റുപാടിലാണ് ജനിച്ചു വളർന്നതെന്നും നജീം ഫേസ്ബുക്കിൽ വിശദമാക്കി. വിവാഹശേഷം ഉമ്മ കൺവേർട്ടഡായെന്നും നജീം അർഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടാൻ ഈ കൊവിഡ് സമയം തന്നെ ജാതി, മതങ്ങളിലേക്ക് വലിച്ചിഴക്കുന്നതിന് പകരം നല്ല വാർത്തകൾ പ്രചരിപ്പിക്കൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതാദ്യമായല്ല തന്നെ കുറിച്ച് ഇങ്ങനെ വ്യാജവാർത്തകൾ കെട്ടിച്ചമക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ പതിവ് തുടരുകയാണെന്ന് ഗായകൻ പോസ്റ്റിന് താഴെ കമന്‍റിൽ വിശദീകരിച്ചു.
നജീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'എന്‍റെ ഉമ്മയുടെ പേര് റഹ്‌മ.. പേര് മാറ്റിയിട്ട് 45 വർഷം ആയി .. എന്‍റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ് ...ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് .. വളർന്നതും .. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ .. മാറ്റി തരാം....
“സ്‌ടേഞ്ച് മീഡിയ”( ലോഡ് പുച്ഛം ),(അതിനടിയിൽ കമന്‍റ് ഇടുന്നവർ ) നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കൊവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ .. ഞാൻ എല്ലാവർക്കും വേണ്ടി പാടും .. അതെന്‍റെ പ്രൊഫഷൻ ആണ്,' നജീം പറഞ്ഞു.
റിയാലിറ്റി ഷോയിൽ താൻ വോട്ട് നേടിയത് പാട്ടിലൂടെയാണെന്നും അല്ലാതെ ജാതി പറഞ്ഞുകൊണ്ടല്ല എന്നും നജീം വ്യക്തമാക്കി.