ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തുന്ന ആസ്വാദകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് ലോക സിനിമകളുടെ പ്രദര്‍ശനത്തിനാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഭാഷകളില്‍ രാഷ്ട്രീയവും ജീവിതവും സംസാരിക്കുന്ന സിനിമകള്‍. ഐഎഫ്എഫ്കെയില്‍ ലോകസിനിമ വിഭാഗത്തില്‍ 92 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. അവയില്‍ ഡെലിഗേറ്റുകള്‍ കണ്ടിരിക്കേണ്ട സിനിമകള്‍ ഇതാ...
എ ഡാർക്ക്-ഡാർക്ക് മാൻ
ആദിൽഖാൻ യെർഷനോവ് സംവിധാനം ചെയ്ത കസാഖ്‌സ്താൻ ചിത്രമാണിത്. കസാഖ്‌സ്താനിലെ ഒരു ഗ്രാമത്തിൽ ഒരു കുട്ടി മരിക്കുകയും അത് ഒരു ഡിറ്റക്ടീവ് അന്വേഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. എല്ലാ കേസുകളും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഡിറ്റക്ടീവ് തന്‍റെ കരിയറിലാദ്യമായി ഈ കേസ് ഗൗരവപൂർവം ഏറ്റെടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
ബക്കുറൗ
ഒരു ബ്രസീലിയൻ ചിത്രമാണിത്. ബ്രസീലിലെ ബക്കുറൗ എന്ന ഗ്രാമം ഭരിക്കുന്ന സ്ത്രീ തൊണ്ണൂറ്റിനാലാം വയസിൽ മരിക്കുന്നു. തുടർന്ന് ഗ്രാമത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ക്ലെബെർ മെൻഡോൻസയും ജൂലിയാനോ ഡോർനെലെസും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ബീൻപോൾ
റഷ്യൻ സിനിമയായ ബീൻപോൾ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മൂന്നുവയസുള്ള കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങുന്ന ലിയയുടെ കഥ പറയുന്നു. ക്യാന്‍റമിർ ബലഗോവാണ് സംവിധാനം.
ബേണിങ്
ബേണിങ് ഒരു സൗത്ത് കൊറിയൻ സിനിമയാണ്. മൂന്നു വ്യക്തികളുടെ ജീവിതത്തിൽ നടക്കുന്ന ദുരൂഹമായ കാര്യങ്ങളാണ് ചാങ് ഡോങ് ലീ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.
ഗോഡ് എക്സിറ്റ്‌സ്: ഹേർ നെയിം ഈസ് പെട്രുന്യ
ടിയോണ സ്ട്രുഗാർ മിതേവ്‌സ്ക സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയാണ് ഗോഡ് എക്സിറ്റ്‌സ്: ഹേർ നെയിം ഈസ് പെട്രുന്യ. മാസിഡോണിയയിൽ എല്ലാ ജനുവരിമാസത്തിലും അവിടത്തെ പുരോഹിതൻ ഒരു കുരിശ് പുഴയിലേക്ക് വലിച്ചെറിയാറുണ്ട്. അത് ലഭിക്കുന്നവൻ ദൈവത്തിന് പ്രിയപ്പെട്ടവനാണെന്നാണ് വിശ്വാസം. അതിനായി നിരവധി പേർ പുഴയിലേക്ക് എടുത്തുചാടാറുണ്ട്. ഇത്തവണ അത് പെട്രുന്യ എന്ന യുവതിക്ക് ലഭിക്കുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.
ഹൈഫ സ്ട്രീറ്റ്
മൊഹനാദ് ഹയാൽ സംവിധാനം ചെയ്ത ഇറാഖ് ചിത്രമാണിത്. സുവാദ് എന്ന സുഹൃത്തിനെ കാണാൻ പോകുന്ന അഹമ്മദിന് നഗരമധ്യത്തിൽ വെടിയേൽക്കുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് ഹൈഫ സ്ട്രീറ്റ് പ്രമേയം.
ഇറ്റ് മസ്റ്റ് ബി ഹെവൻ
എലിയ സുലൈമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇറ്റ് മസ്റ്റ് ബി ഹെവന്‍. പാലസ്തീനിൽ നിന്ന് രക്ഷപ്പെട്ട് പുതിയ ജീവിതം തുടങ്ങുന്ന വ്യക്തിയുടെ കഥയാണ് ചിത്രത്തിന്‍റേത്.
ലെസ് മിസറബിൾസ്
ലാഡ് ലൈ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ലെസ് മിസറബിൾസ്. ലോക്കൽ ഗ്യാങ്ങും പൊലീസും തമ്മിലുള്ള പ്രശ്നങ്ങൾ സിനിമ ചർച്ച ചെയ്യുന്നു.
മൈ നൂഡിറ്റി മീൻസ് നത്തിങ്
ഫ്രഞ്ച് സിനിമയായ മൈ നൂഡിറ്റി മീൻസ് നത്തിങ് മറീന ഡെ വാൻ സംവിധാനം ചെയ്തിരിക്കുന്നു. നോവലിസ്റ്റും നടിയും തിരക്കഥാകൃത്തുമായ മറീന ആപ്പുകളുടെയും ഡിജിറ്റൽ ഡേറ്റിങ്ങിന്‍റെയും ലോകത്ത് എങ്ങനെ ജീവിക്കുന്നുവെന്നത് സിനിമ ദൃശ്യവത്കരിക്കുന്നു
ഔർ ലേഡി ഓഫ് ദി നൈൽ
1973ൽ റുവാൺഡയിലെ രണ്ട് പെൺകുട്ടികളെ കാത്തലിക്ക് ബോർഡിങ് സ്കൂളിൽ പഠിപ്പിക്കാൻ അയക്കുന്നു. പിന്നീടുണ്ടാകുന്ന അവരുടെ ജീവിതത്തിലെ മാറ്റങ്ങളാണ് അറ്റിഖ് റഹീമി സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത്.
പാരസൈറ്റ്
പാരസൈറ്റ് എന്ന സൗത്ത് കൊറിയൻ സിനിമ ബോങ് ജൂൻ ഹോ സംവിധാനം ചെയ്തിരിക്കുന്നു. കി വൂ എന്ന ചെറുപ്പക്കാരൻ ജോലിത്തേടിപ്പോകുന്നതുമായി ബന്ധപ്പെട്ടുള്ള കഥയാണ് ചിത്രം പറയുന്നത്.
സോ ലോങ് മൈ സൺ
ആളുകളും സമൂഹവും എങ്ങനെ മാറുന്നുവെന്ന് കാണിക്കുകയാണ് സംവിധായകൻ വാങ് ഷിയാവോഷുവായ്. സോ ലോങ് മൈ സൺ ഒരു
ചൈനീസ് ചിത്രമാണ്.
സോറി വി മിസ്ഡ് യു
സാമ്പത്തിക പ്രശ്നങ്ങൾക്കെതിരെ പോരാടുന്ന ഒരു കുടുംബത്തിന്‍റെ കഥയാണിത്. കെൻ ലോച്ചാണ് സംവിധായകൻ.
ദി അൺ നോൺ സെയ്ന്‍റ്
അമിനെ പണം മോഷ്ടിക്കുന്നു. പൊലീസിന്‍റെ പിടിയിലാകുന്നതിന് മുമ്പ് പണം നിറച്ച ബാഗ് കുഴിച്ചിടുന്നു. ശിക്ഷ കഴിഞ്ഞ് അമിനെ പുറത്തിറങ്ങുമ്പോൾ കാശ് കുഴിച്ചിട്ട സ്ഥലത്ത് ഒരു പള്ളി ഉയർന്നിരിക്കുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രം കാണിക്കുന്നത്. മൊറോക്കോയിൽ നിന്നുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലാ എഡിൻ അൽജെമാണ്.
ദി വിസിലേഴ്‌സ്
ക്രിസ്റ്റി എന്ന പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത്. റൊമാനിയയിൽ ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ കോർണെലിയു പൊറുംബോയ്യുവാണ്.