മലയാളത്തിന് പ്രിയപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ജന്മദിനമാണിന്ന്. അകാലത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞ ബാലുവിന്‍റെ ഓര്‍മകളിലാണ് പ്രിയപ്പെട്ടവരും ആരാധകരും. 2018 ഒക്ടോബറിലുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കര്‍ അന്തരിച്ചത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനാപകടം. മകള്‍ തേജ്വസിനി സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലുവിന്‍റെ പ്രിയപത്നി ലക്ഷ്മി മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ബാലുവിന്‍റെ മരണത്തില്‍ അസ്വാഭാവികതയുള്ളതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണവും നടന്നിരുന്നു. പ്രിയപ്പെട്ട ബാലഭാസ്‍കര്‍ ഇന്നും ആരാധകരുടെ സംഗീത ഓര്‍മ്മകളില്‍ മായാതെയുണ്ട്.
വയലിൻ ശോകസംഗീതം കൈകാര്യം ചെയ്യുന്ന ഉപകരണമാണെന്ന തോന്നൽ ബാലഭാസ്കർ അതിൽ വിരൽ വച്ചതോടെ സംഗീത പ്രേമികള്‍ക്ക് ഇല്ലാതായി. ബാലുവിന്‍റെ സ്പീഡ് നമ്പറുകൾ വൻ വിജയമായി. ഇലക്ട്രിക് വയലിനുമായി ബാലഭാസ്കർ സ്റ്റേജുകളിലെത്തിയപ്പോള്‍ വേദികൾ കോരിത്തരിച്ചു. ഫ്യൂഷൻ സംഗീതത്തിന് കേരളത്തിൽ വാതിൽ തുറന്നുകൊടുത്തുവെന്നത് മാത്രമല്ല ബാലഭാസ്കറിന്‍റെ സംഭാവന. ഒട്ടേറെ സംഗീതസംഘങ്ങളെ അദ്ദേഹം സജീവമാക്കി. സാങ്കേതികവിദ്യ വിഴുങ്ങിയ സംഗീതത്തെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെ സർഗാത്മകമായി പുതുക്കിയെഴുതാനും ബാലഭാസ്കറിനായി.
സ്കൂളുകളിലും കോളജുകളിലും കലോത്സവ വേദികളിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ പ്രതിഭയാണ് ബാലഭാസ്കര്‍. വയലിന്‍റെ ആദ്യാക്ഷരങ്ങള്‍ ബാലു പഠിക്കുന്നത് അമ്മാവന്‍ ബി.ശശികുമാറില്‍ നിന്നാണ്. ചെറുപ്രായത്തിൽ സിനിമാ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചു. മാഗ്നാ സൗണ്ടുമായി ചേർന്ന് സംഗീത ആൽബം ചെയ്യുന്നതിനിടെ ആകസ്മികമായി ആ പാട്ടുകൾ കേട്ട മംഗല്യപ്പല്ലക്ക് എന്ന സിനിമയുടെ പ്രവർത്തകർ സിനിമയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ബാലുവിന്‍റെ ആദ്യ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് ആലപിച്ചതാകട്ടെ സാക്ഷാല്‍ യേശുദാസും.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="
">
മ്യൂസിക് ബാൻഡ് മലയാളിക്ക് പരിചിതമാകുന്നതിന് മുമ്പേ യൂണിവേഴ്സിറ്റി കോളജിലെ കൂട്ടുകാരെ ചേർത്ത് ‘കൺ–ഫ്യൂഷൻ’ എന്ന ബാൻഡിന് ബാലു രൂപം കൊടുത്തു. തുടർന്ന് പ്രൊഫഷണൽ കലാകാരന്മാരെ ചേർത്ത് ‘ദ് ബിഗ് ബാൻഡി’ന് തുടക്കമിട്ടു. നാലു വർഷം ആ ബാൻഡ് തുടർന്നു. പിന്നീട് വേദികളില്‍ നിന്ന് വേദികളിലേക്ക് പറന്ന് നടന്നു. ഒട്ടേറെ മധുര ഗാനങ്ങള്‍ ബാലഭാസ്‍കറിന്‍റെ വയലിനില്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ബാലുവിന്‍റെ ജന്മദിനത്തില്‍ സുഹൃത്തുക്കളായ സ്റ്റീഫന്‍ ദേവസി, ഇഷാന്‍ ദേവ് അടക്കമുള്ളവര്‍ ഓര്‍മകുറിപ്പുകള്‍ പങ്കുവെച്ചിരുന്നു.