രണ്ടാമൂഴം, നിരവധി ഊഴങ്ങൾക്ക് തുടക്കം... രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുകയാണ്. പ്രതീക്ഷകളുടെ വർഷങ്ങളാണ് ഇനി കേരളത്തിന്. പിണറായി സർക്കാരിന് ആശംസകൾ അറിയിച്ച് സിനിമ- കലാമേഖലയും സത്യപ്രതിജ്ഞ ചടങ്ങിൽ സാന്നിധ്യമായി. ഒരുമയുടെയും കരുതലിന്‍റെയും ഭരണത്തിന് ആശംസകൾ അറിയിച്ച് സിനിമാതാരങ്ങളും സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖരും അവതരിപ്പിച്ച ‘നവകേരള ഗീതാഞ്ജലി’ സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ ഉച്ചയ്‌ക്ക് 2.50 മുതൽ 3.17 വരെ പ്രദർശിപ്പിച്ചു. മമ്മൂട്ടിയായിരുന്നു പരിപാടിയുടെ അവതാരകൻ. നവകേരള ഗീതാഞ്ജലിയിൽ ഗാനമാലപിച്ച് മോഹൻലാലും സാന്നിധ്യമറിയിച്ചു.
"ഉറങ്ങുന്നതിന് മുമ്പ് ഒരുപാട് ദൂരം പോകേണ്ടതുണ്ട്..." റോബർട്ട് ഫ്രോസ്റ്റിന്‍റെ വിഖ്യാത വരികൾ പറഞ്ഞുകൊണ്ടാണ് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആശംസ അറിയിച്ചത്. "അറിവിന്‍റെയും കലയുടെയും കേരളം..." വീണ്ടും ഭരണത്തിലേക്ക് ചുവടുവയ്ക്കുന്ന പിണറായി സർക്കാരിന് ആശംസ നേരുന്നതായി സംഗീത മാന്ത്രികൻ എ.ആർ റഹ്‌മാൻ പറഞ്ഞു. ജയറാം, രമ്യ നമ്പീശൻ, ഷീല, ടൊവിനോ തോമസ് തുടങ്ങി സിനിമാമേഖലയിലെ നിരവധി പേരും ഇതിന്‍റെ ഭാഗമായി.
ഗീതാഞ്ജലിയുമായി സംഗീതലോകം
ഭാസ്‌കരൻ മാഷ്, ഇടശ്ശേരി, വയലാർ തുടങ്ങി റഫീക്ക് അഹമ്മദ്, പ്രഭാവർമ എന്നിങ്ങനെ മലയാള സംഗീതാസ്വാദനത്തിൽ സമ്പുഷ്‌ടത നിറച്ച മഹാരഥന്മാരുടെ വരികൾ ആലപിച്ച് സംഗീതലോകം ഇടതുമുന്നണിയുടെ രണ്ടാമൂഴത്തിന് ഭാവുകങ്ങൾ നേർന്നു.
"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും..." ഗാനഗന്ധർവൻ യേശുദാസിൽ നിന്ന് തുടങ്ങിയാണ് സംഗീതവിരുന്ന് ഒരുക്കിയത്. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാവരും അവരവരുടെ വീടുകളിൽ നിന്നുമാണ് നവകേരള ഗീതാഞ്ജലിയുടെ ഭാഗമായതെന്നതും ശ്രദ്ധേയം. കെ.എസ് ചിത്രയും, "സ്വാതന്ത്ര്യം തന്നെ അമൃതം" എന്ന് പാടി എംജി ശ്രീകുമാറും, "കേരനിരകളാടും" ആലപിച്ച് പി ജയചന്ദ്രനും തുടക്കം കുറിച്ചു. മധു ബാലകൃഷ്ണൻ, രമേശ് നാരായൺ, ഉമയാൾപുരം ശിവരാമൻ, ശ്വേത മോഹൻ, സുജാത, വിജയ് യേശുദാസ്, റിമി ടോമി, വിധു പ്രതാപ്, ഉണ്ണിമേനോൻ, സിതാര, രമ്യാ നമ്പീശൻ, ഹരിഹരൻ, ബിജിബാൽ, ജയറാം, എം ജയചന്ദ്രൻ എന്നിവരും പുതിയ തലമുറയുടെ ഭാഗമായ മധുവന്തി നാരായണൻ, ഹരിചരണ്‍, സയനോര ഫിലിപ്പ്, വൈക്കം വിജയലക്ഷ്മി, അപർണ രാജീവ്, കെ.എസ് ഹരിശങ്കർ, സൂരജ് സന്തോഷ്, സച്ചിൻ വാര്യർ, നജീം അർഷാദ് എന്നിവരും പങ്കാളികളായി.
സംഗീത സംവിധായകനും ഗായകനുമായ ശരത്ത്, സുദീപ് കുമാർ, അഫ്‌സൽ, ശ്രീനിവാസ്, രഞ്ജിനി ജോസ്, അപർണ രാജീവ്, കല്ലറ ഗോപൻ, അൽഫോൻസ് ജോസഫ്, ശ്രീറാം, മുരുകൻ കാട്ടാക്കട, വിപ്ലവ ഗായിക പികെ മേദിനി എന്നിവരും ഭാഗമായി. ഉസ്‌താദ് അംജാദ് അലിഖാൻ, അമാൻ അലി ബൻഗാഷ്, അയാൻ അലി ബൻഗാഷ് തുടങ്ങിയ ക്ലാസിക് സംഗീതജ്ഞരും ഔസേപ്പച്ചൻ, കരുണാമൂർത്തി, ശിവമണി എന്നിങ്ങനെയുള്ള പ്രതിഭാധനരും സംഗീതാഞ്ജലിക്ക് ഈണം നൽകി.
More Read: വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
എകെജിയുടെ ആത്മകഥയിൽ നിന്നുള്ള ശകലം അന്തരിച്ച നടൻ മുരളിയുടെ ശബ്‌ദത്തിൽ കൂട്ടിച്ചേർത്തുകൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ് നവകേരള ഗീതഞ്ജലി നിർമിച്ചത്. ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ആശയാവിഷ്‌കാരം. ഇതാദ്യമായാണ് സംഗീത- സാംസ്‌കാരിക മേഖലയിൽ നിന്നും ഇത്രയുമധികം പ്രതിഭകൾ ഒരുമിച്ച് ഒരു സംഗീത വിരുന്ന് ഒരുക്കിയത്. രമേശ് നാരായണനാണ് നവകേരള ഗീതാഞ്ജലിയുടെ സംഗീതമൊരുക്കിയത്.