കണ്ണൂര്‍: ഇന്നത്തെ മാഹിയെക്കുറിച്ച് എഴുതാൻ ഭയമാണെന്ന് മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ. ആർ.പി ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന മാഹി സിനിമയുടെ പൂജ തലശ്ശേരി പാർക്കോ റസിഡൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുകുന്ദൻ. മാഹി ഇന്നൊരു ദുരന്ത നഗരമാണെന്നും പഴയ മയ്യഴിയെന്നത് സ്വപ്ന നഗരമായിരുന്നെന്നും ഇന്നത്തെ മയ്യഴിയെക്കുറിച്ച് ഓർക്കാൻ പോലും ഭയമാണെന്നും എം.മുകുന്ദന്‍ പറഞ്ഞു. മനുഷ്യർ മാഹിയിലെത്തി മരിച്ചുവീഴുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ട് പേരാണ് വഴിയോരത്ത് മരിച്ചത്. മദ്യത്തിൽ മുങ്ങിയ മാഹിയെക്കുറിച്ച് എന്തെഴുതാനാണ്. മാഹിയെക്കുറിച്ചുള്ള നല്ല കാര്യങ്ങളെല്ലാം നേരത്തെ എഴുതിക്കഴിഞ്ഞതാണെന്നും ഇനി ഒന്നും എഴുതാനില്ലെന്നും എം.മുകുന്ദൻ പറഞ്ഞു.
തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ രമേശൻ സ്വിച്ച് ഓൺ കർമ്മം നടത്തി. സംവിധായകൻ പ്രദീപ് ചൊക്ലി, നടന്മാരായ സുശീൽ കുമാർ തിരുവങ്ങാട്, മനോജ് രാഘവ്, നിർമ്മാതാക്കളായ ആർ.പി ഗംഗാധരൻ, കെ.വസന്തൻ, അതുൽ കല്ലേരി, ഡോ.ദ്രുഹിൻ, ഡോ.ശ്രീകുമാർ, തിരക്കഥാകൃത്ത് ഉഷാന്ത് താവത്ത് എന്നിവർ സംബന്ധിച്ചു. സുരേഷാണ് മാഹി സംവിധാനം ചെയ്യുന്നത്. അനീഷ്.ജി.മേനോൻ, ഗായത്രി സുരേഷ്, സിദ്ദിഖിന്‍റെ മകൻ ഷഹിൻ സിദ്ദിഖ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ മാഹിയിൽ വേഷമിടുന്നുണ്ട്.