എത്രതലമുറകൾ വായിച്ചാലും മടുക്കാത്ത അക്ഷരക്കൂട്ടുകൾ. വേനലില്‍ നിളപോലെ ശാന്തമായി ഒഴുകുന്ന വാക്കുകൾ. ഭാഷയുടെ സൗന്ദര്യം ചെറുകഥകളിലൂടെ നോവലായി തിരക്കഥകളായി മാറുന്ന മാന്ത്രികത. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 87 വയസ്.
ദാരിദ്ര്യവും വ്യക്തിബന്ധങ്ങളും പ്രണയത്തിന്‍റെ ഭൂതകാലവും നിറയുന്ന എഴുത്തുകളുമായി കടന്നുവന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ അക്ഷരങ്ങൾ കൊണ്ട് തീർത്തത് കാലം മായ്ക്കാത്ത നിർമ്മാല്യവും മഞ്ഞും കടവുമൊക്കെയാണ്. 1933 ജൂലായ് 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനനം. ഇല്ലായ്മകൾ നിറഞ്ഞ ബാല്യം കഥകൾക്കുള്ള രസക്കൂട്ടായി മാറ്റിയാണ് എംടി എഴുതാൻ തുടങ്ങിയത്. മലമക്കാവ് എലിമെന്‍ററി സ്കൂൾ, കുമരനല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് ബിരുദം നേടി അധ്യാപകനായും പത്രപ്രവർത്തകനായും ജോലി. പക്ഷേ ജീവിത യാഥാർഥ്യങ്ങൾ നിറഞ്ഞ അക്ഷരങ്ങൾ എംടി കൂട്ടിയൊതുക്കി തുടങ്ങിയപ്പോൾ ചെറുകഥകൾ പ്രസിദ്ധീകരണത്തിന് തയ്യാറാകുകയായിരുന്നു. 1958ല്‍ പ്രസിദ്ധീകരിച്ച "നാലുകെട്ട് " എംടിയിലെ എഴുത്തുകാരനെ മലയാളിയുടെ മനസിലുറപ്പിച്ചു.
രണ്ടാമൂഴം, കാലം, അറബിപ്പൊന്ന്, വിലാപയാത്ര, അസുരവിത്ത്, വാരാണസി, മഞ്ഞ്.... കാലാതിവർത്തിയായ യാത്രകൾ പറഞ്ഞാണ് ഈ നോവലുകളെല്ലാം എംടി അവസാനിപ്പിക്കുന്നത്.
ചിലതെല്ലാം ഉൾക്കടല്‍ പോലെ ശാന്തമാണ്. പക്ഷേ അഗ്നി പർവതം പോലെ ഉള്ളില്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അക്ഷരങ്ങളാണ് കഥാപാത്രങ്ങൾ. ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ്, മൗനം വാചാലമാക്കി എംടി മലയാളത്തെ എംടി വാസുദേവൻ നായരിലൂടെ മാറ്റിയെഴുതി. ഓരോ കഥയിലും ആത്മകഥാംശം നിറഞ്ഞിരുന്നതുകൊണ്ട് ആത്മകഥ എഴുതേണ്ടി വരില്ലെന്ന് എംടി പറഞ്ഞിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് കണ്ടെത്തിയ കുട്ട്യേടത്തിയും ഭ്രാന്തൻ വേലായുധനും ലീലയും നൊമ്പരം മാത്രമല്ല, കേരളത്തിന്‍റെ സാമൂഹിക അവസ്ഥയെ വരച്ചിട്ട കഥാതന്തുക്കൾ കൂടിയായിരുന്നു.
ഇരുട്ടിന്‍റെ ആത്മാവിലെ വേലായുധനിലും ഓപ്പോളിലെ അപ്പുവും ചെറിയ ഭൂകമ്പങ്ങളിലെ ജാനകിക്കുട്ടിയും ഓരോ കഥയിലും കഥപറയുന്ന അദൃശ്യനായ മൂന്നാമനും എംടിക്ക് മാത്രം എഴുതാൻ കഴിയുന്നതാണ്. അടക്കിപ്പിടിച്ച മൗനം കൊണ്ട് തെളിഞ്ഞതും ഇടതടവുകളില്ലാത്തതുമായ എഴുത്തിന്‍റെ ലോകം.
മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചുകൊടുത്ത രണ്ടാമൂഴം. സർഗാത്മകതയുടെ ഈറ്റുനോവ് അനുഭവപ്പെടുത്തുന്ന നോവല്‍, അച്ഛന്‍റെ വേദനയും പ്രണയ നഷ്ടത്തിന്‍റെ നൊമ്പരവും എല്ലാം രണ്ടാമൂഴത്തില്‍ നിറയും. എന്നും രണ്ടാമൂഴക്കാരനായി മാത്രം തളയ്ക്കപ്പെട്ടവന്‍റെ വേദന ഭീമനിലൂടെ. മനോഹരമായ പ്രണയ കാവ്യം കൂടിയാണ് രണ്ടാമൂഴം. വള്ളുവനാടൻ മിത്തുകളും നിളാ നദിയും അക്ഷരങ്ങളായി, കഥകളായി കഥാപാത്രങ്ങളായി പിറവിയെടുത്തു.
സാഹിത്യം പോലെ തന്നെ പ്രധാനമാണ് എംടിക്ക് സിനിമയും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി വെള്ളിത്തിരയിലെ അക്ഷരങ്ങൾക്ക് മാറ്റുകൂട്ടി. തിരക്കഥാകൃത്തില്‍ നിന്ന് സംവിധായകനിലേക്ക് ചുവടുമാറിയപ്പോൾ ആദ്യ സിനിമയ്ക്ക് രാഷ്ട്രപത്രിയുടെ സ്വർണ പതക്കം. നിർമാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തു. വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്‍റെ ആത്മാവ്, ഇടവഴിയിലെ മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതംഗമയ, ആരൂഢം, ആൾക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്‌വാരം, സുകൃതം, പരിണയം, തീർഥാടനം, പഴശിരാജ തുടങ്ങി മലയാളി ഇനിയും കണ്ട് മടുക്കാത്ത ഒരു പിടി ചലച്ചിത്രങ്ങളുടെ തിരക്കഥയും എംടിയുടേതാണ്.
1995ല്‍ ജ്ഞാന പീഠം, 2005ല്‍ പത്മഭൂഷൺ, അതിലുമുപരി എന്‍റെ പുസ്തകങ്ങൾ കൂടുതല്‍ വായിക്കപ്പെടുന്നതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് എംടി പറയുന്നു. ഇനിയും വരാനിരിക്കുന്ന വാക്കുകളുടെ വെയിലും നിലാവുമാണ് എംടിയില്‍ നിന്ന് മലയാളി കാത്തിരിക്കുന്നത്. എംടി എഴുതിത്തുടങ്ങുമ്പോൾ അത് അദ്ദേഹത്തിന്‍റെ കഥ പോലെ സ്വർഗം തുറക്കുന്ന സമയമാണ്. എംടി ചിരിക്കാൻ മറക്കുമ്പോഴും മലയാളത്തിന്‍റെ അക്ഷരഗോപുര നടയില്‍ ഒരു ചെറു പുഞ്ചിരിയോടെ പിറന്നാൾ ആശംസകൾ.