മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന്‍റെ ചിത്രീകരണം ഇന്ന്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ത്രിമാന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിക്കും.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ബറോസിന്‍റെ രചയിതാവ്. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു സിനിമയുടെ പൂജ ചടങ്ങുകൾ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നത്. മമ്മൂട്ടി, സിദ്ദീഖ്, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ സിനിമാപ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസിന്‍റെ കഥയാണ് ചിത്രം. മോഹൻലാലാണ് ബറോസ് എന്ന ഭൂതമായും എത്തുന്നത്. പൃഥ്വിരാജും ഫാന്‍റസി ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതേ സമയം, തമിഴ് നടൻ അജിത് കുമാർ ചിത്രത്തിന്‍റെ തമിഴ് വിവരണത്തിനായി ബറോസിൽ പങ്കാളിയാകുമെന്നും സൂര്യ ഒരു യാത്രികന്‍റെ വേഷത്തിൽ കാമിയോ റോളിലെത്തുമെന്നും സൂചനയുണ്ട്. കേരളത്തിന് പുറമെ, ഗോവ, ഡെറാഡൂൺ എന്നിവിടങ്ങളിലാണ് ബറോസ് ചിത്രീകരിക്കുന്നത്.