"രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു. അങ്കിളിന്‍റെ ഫാദർ ആരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്, രാജകുമാരൻ, രാജാവിന്‍റെ മകൻ." 1986 ജൂലൈ 17ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമ്പോൾ ഒരുപക്ഷേ സംവിധായകനും തിരക്കഥാകൃത്തും എന്തിനേറെ നായകനും പ്രതീക്ഷിച്ചുകാണില്ല അത് ബോക്സ് ഓഫിസ് ചരിത്രത്തിൽ പുതിയൊരു അധ്യായമാകുമെന്ന്.
മൈ ഫോൺ നമ്പർ ഈസ് 2255... കൊച്ചുകുട്ടികൾ പോലും പറഞ്ഞുനടക്കുന്ന ഡയലോഗുകൾ.. അധോലോക നായകൻ വിൻസെന്‍റ് ഗോമസിനെ കവച്ചുവക്കാൻ പാകത്തിന് പുതിയ കഥാപാത്രങ്ങളൊന്നും പിന്നീട് മലയാള സിനിമയിൽ പിറന്നിട്ടില്ല. മമ്മൂട്ടി വേണ്ടെന്ന് വച്ച രാജാവിന്‍റെ മകൻ... അയൽപക്കത്തെ പയ്യനിൽ നിന്നും സൂപ്പർതാരപദവിയിലേക്ക് മോഹൻലാലിനെ കൈപിടിച്ചുയർത്തുകയായിരുന്നു ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയിൽ പിറന്ന വിൻസെന്‍റ് ഗോമസ്.
തിരക്കഥ എഴുതുമ്പോൾ രചയിതാവിന്‍റെ ഉള്ളിലും സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോൾ സംവിധായകന്‍റെ മനസിലും മമ്മൂട്ടിയായെയിരുന്നു വിൻസെന്‍റ് ഗോമസായി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, മുമ്പ് ഒരുമിച്ച് ചെയ്ത സിനിമകൾ പരാജയപ്പെട്ടതോടെ തമ്പി കണ്ണന്താനത്തിന്‍റെ ചിത്രത്തിന് മമ്മൂട്ടി വിസമ്മതിച്ചു. ഡെന്നിസ് വിൻസെന്‍റിന്‍റേയും തമ്പിയുടെയും അടുത്ത സുഹൃത്തായിരുന്നു മമ്മൂട്ടി. ഇരുവരും നിർബന്ധിച്ചിട്ടും രാജാവിന്‍റെ മകൻ ചിത്രത്തിന് അദ്ദേഹം തയ്യാറായില്ല.
സൂപ്പർതാരമായിട്ടില്ലെങ്കിലും മലയാളത്തിൽ തിരക്കുള്ള നടനായി സജീവമായിരുന്ന മോഹൻലാലായിരുന്നു പിന്നീട് തമ്പിയുടെ പ്രതീക്ഷ. ഡെന്നിസും തമ്പി കണ്ണന്താനവും സിനിമയുമായി ചെല്ലുമ്പോൾ കഥ കേൾക്കണ്ടെന്ന് മോഹൻലാൽ പറഞ്ഞു... "എനിക്ക് കഥയൊന്നും കേൾക്കണ്ട, നിങ്ങൾക്കൊക്കെ അറിയാലോ... ഞാൻ റെഡി." തന്നെ ഞെട്ടിക്കുന്ന മറുപടിയായിരുന്നു മോഹൻലാലിൽ നിന്നുമുണ്ടായതെന്ന് ഡെന്നിസ് ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
അങ്ങനെ രാജാവിന്‍റെ മകൻ തുടങ്ങി. സംവിധായകൻ തന്നെയാണ് സിനിമയുടെ നിർമാതാവുമായത്. ഒപ്പം, രാജാവിന്‍റെ മകനായുള്ള തമ്പിയുടെ വാശിയും. തന്‍റെ കാറ് വിറ്റും വസ്തുക്കൾ പണയപ്പെടുത്തിയും സംവിധായകൻ പടംപിടിച്ചു.
വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ചുരുങ്ങിയ സൗകര്യങ്ങളിലാണ് തമ്പി കണ്ണന്താനം ചിത്രം പൂർത്തിയാക്കിയത്. രാജീവിന്‍റെ കഥ, തിരക്കഥയും സംഭാഷണവും ഡെന്നിസ് ജോസഫ്, സംവിധാനം തമ്പി കണ്ണന്താനം. രാജാവിന്‍റെ മകൻ തിയേറ്ററുകളിലേക്കെത്തിയപ്പോഴാകട്ടെ മോഹൻലാലിന്‍റെ ഹിറ്റുകളിലേക്ക് ഒരു സിനിമ കൂടി ചേർക്കപ്പെടുക മാത്രമായിരുന്നില്ല, മലയാളത്തിന്‍റെ സൂപ്പർതാരത്തിന്‍റെ ഉദയവും അവിടെയായിരുന്നു.
മോഹൻലാലിന്‍റെ മാനറിസം മാത്രമല്ല ചിത്രത്തിന്‍റെ സവിശേഷതകൾ. "യെസ് ഐ ആം പ്രിൻസ്, അണ്ടർവേൾഡ് പ്രിൻസ്, അധോലോകങ്ങളുടെ രാജകുമാരാൻ," സിനിമ പുറത്തിറങ്ങിയിട്ട് പതിറ്റാണ്ടുകൾ മുപ്പത് കടന്നിട്ടും കാലത്തിന്‍റെ വീര്യത്തോടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഡയലോഗുകൾ അന്ന് തിയേറ്ററുകളെ ഹരം കൊള്ളിച്ചവയായിരുന്നു. രതീഷ്, സുരേഷ് ഗോപി, അംബിക, അടൂർ ഭാസി, ജോസ് പ്രകാശ്, കുഞ്ചൻ തുങ്ങിയ താരസാന്നിധ്യങ്ങളും ചിത്രത്തിന് മുതൽക്കൂട്ടായി. ജോഷിക്കൊപ്പം ചേർന്ന് മമ്മൂട്ടിക്ക് താരപദവി തിരിച്ചുകൊടുത്ത അതേ ഡെന്നിസ് ജോസഫാണ് മോഹൻലാലിന് സൂപ്പർസ്റ്റാർ പട്ടവും നൽകിയത്.
"വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലൻ കഥകൾ, വികാര വിക്ഷോഭങ്ങളുടെ തിരകൾ ഇളകിമറിയുന്ന സന്ദർഭങ്ങൾ, രൗദ്രത്തിന്‍റെ തീയും പ്രണയത്തിന്‍റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങൾ. ആർദ്രബന്ധങ്ങളുടെ കഥകൾ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകൾ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ," തന്‍റെ പ്രിയപ്പെട്ട ഡെന്നിസിനുവേണ്ടി മോഹൻലാൽ കുറിച്ച വാക്കുകൾ.
More Read: പ്രിയ ഡെന്നിസിന് വിട... വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം നിന്ന സുഹൃത്തിനെ ഓര്‍ത്ത് താരങ്ങള്‍
ബോക്സ് ഓഫിസ് വിജയങ്ങളുടെ ഫോർമുലകൾ മാറ്റി മറിച്ച താരാധിപത്യ സിനിമക്ക് മുന്നേറാനുള്ള ഇന്ധനമായിരുന്നു അയാൾ എഴുതിവച്ച കഥകളെല്ലാം. ഇത്രയേറെ ശക്തിയോടെ എഴുത്തിന്‍റെ നിറയൊഴിച്ച ഡെന്നിസ് ജോസഫ് വിടവാങ്ങിയെന്നത് ഇനിയും ഉൾക്കൊള്ളാനാവാത്ത ഒരു വേദനയും.