തൃശൂർ: പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ അക്കാദമിയിൽ ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാരുതി കാസറ്റിന് വേണ്ടി കബീര്‍ ഒരുക്കി കലാഭവൻ മണി പാടിയ ആനവായിൽ അമ്പഴങ്ങ, പൂളുമ്മ പൂളുമ്മ ചൊമപ്പുള്ള മാങ്ങ, തൂശിമ്മ കൂന്താരോ, തക്കാ കിലോ മുക്കാളി തുടങ്ങിയ പാട്ടുകള്‍ കേരളത്തില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ചിരുന്നു. കൂടാതെ, ലീഡർ കെ. കരുണാകരനെ അനുകരിച്ചും കാണികൾക്ക് അദ്ദേഹത്തെ സുപരിചിതമാണ്. കലാഭവൻ മണിയെ ഗായകൻ എന്ന നിലയിൽ മലയാളികൾക്ക് പരിചയപ്പെടുത്തിയത് കബീറാണ് .