തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച ബോയ്സ് സ്കൂളിലെ എസ്എസ്‌സി 87 പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്‍റെ പ്രിയ നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ചു. സി.ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്ത അനുസ്മരണ സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭാധ്യക്ഷ ശ്രീജ അധ്യക്ഷത വഹിച്ചു. നടൻ അലൻസിയർ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക രംഗത്തെയും ചലച്ചിത്ര രംഗത്തെയും പ്രമുഖ വ്യക്തികൾ അനുസ്‌മരണ ചടങ്ങിന്‍റെ ഭാഗമായി. അനിൽ നെടുമങ്ങാടിന്‍റെ സ്മരണാർത്ഥം നാടകം, സിനിമ, ഹ്രസ്വചിത്രം മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുരസ്കാരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ചലച്ചിത്ര താരം ബി.സി അഭിലാഷ്, ചലച്ചിത്ര പ്രവർത്തകരായ രമേശ് വലിയശാല, മുഹമ്മദ് ഷാ, കനക രാഘവൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, കൗൺസിലർമാരായ ഫാത്തിമ, രാജീവ്, വിനോദിനി, ബിജെപി സംസ്ഥാന ട്രഷറർ ജെ.ആർ പത്മകുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.