മലയാളത്തിൽ ദൃശ്യം 2വിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകരുടെ പ്രശംസക്ക് പുറമെ ലോകോത്തരനിലവാരമുള്ളതാണ് ദൃശ്യം രണ്ടാം പതിപ്പിന്‍റെ തിരക്കഥയെന്ന് സംവിധായകൻ രാജമൗലി വരെ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിൽ രണ്ടാം ഭാഗം ഒരുക്കുന്നതും ജീത്തു ജോസഫ് തന്നെയാണ്. വെങ്കടേഷിനെ നായകനാക്കി ഒരുക്കുന്ന ദൃശ്യം 2വിൽ മലയാളത്തിലെ നായിക മീന തന്നെയാണ് ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം അഞ്ചു മുതൽ ഹൈദരാബാദിൽ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, താനും ഷൂട്ടിങ്ങിന്‍റെ ഭാഗമായെന്ന് മീന അറിയിച്ചിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
"ദൃശ്യം 2ന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തു. നിങ്ങള്‍ ഏവരുടെയും സ്നേഹവും പിന്തുണയും വേണം," എന്ന് കുറിച്ചുകൊണ്ട് ദൃശ്യത്തിന്‍റെ ക്ലാപ്പ് ബോർഡ് ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു. വെങ്കടേഷിനും മീനക്കും പുറമെ മലയാളി താരം എസ്തർ അനിൽ, നാദിയ മൊയ്തു, റോഷൻ ബഷീർ, കൃതിക ജയകുമാർ, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ദൃശ്യം തെലുങ്ക് റീമേക്കിന്‍റെ ആദ്യഭാഗത്തിൽ അഭിനയിച്ചത്.
രണ്ടാം ഭാഗത്തിലും എസ്തറും നാദിയ മൊയ്‌തുവും എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, രാജ്‌കുമാര്‍ സേതുപതി എന്നിവരും ദൃശ്യം ഒന്നാം ഭാഗം തെലുങ്കിൽ സംവിധാനം ചെയ്‌ത ശ്രീപ്രിയയും ചേർന്നാണ് ദൃശ്യം 2 നിർമിക്കുന്നത്.