ലോകേഷ് കനകരാജ് നടന്‍ വിജയിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം മാസ്റ്റര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വളരെ ചെറിയ ചടങ്ങായിട്ടായിരുന്നു പരിപാടി നടന്നത്. ദളപതി വിജയ് തന്നെയായിരുന്നു ചടങ്ങിന്‍റെ മുഖ്യ ആകര്‍ഷണം. വിജയ് സേതുപതി, മാളവിക, അര്‍ജുന്‍ദാസ്, അനിരുദ്ധ് രവിചന്ദര്‍ അടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കാച്ചികുറുക്കി അതിമനോഹരമായി അവതരിപ്പിച്ച വിജയിയുടെ പ്രസംഗം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. തനിക്കെതിരെ നടന്ന ആദായനികുതി വകുപ്പിന്‍റെ റെയ്ഡിനെ അടക്കം പറയാതെ പറഞ്ഞുകൊണ്ടായിരുന്നു വിജയിയുടെ പ്രസംഗം.
- " class="align-text-top noRightClick twitterSection" data="">
അനിരുദ്ധിനും ശാന്തനു ഭാഗ്യരാജിനുമൊപ്പം മനോഹരമായ നൃത്തവും വിജയ് ആരാധകര്‍ക്കായി സ്റ്റേജില്‍ അവതരിപ്പിച്ചു. കൂടാതെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മുമ്പ് നല്‍കിയ സ്നേഹ ചുംബനം ഒരു കുറവും വരുത്താതെ പതിന്‍മടങ്ങ് സ്നേഹം ചേര്‍ത്ത് ദളപതി തിരികെ നല്‍കുകയും ചെയ്തു. അങ്ങേക്ക് സ്നേഹ ചുംബനം നല്‍കിയ വിജയ് സേതുപതിക്ക് അതിപോലൊരു മുത്തം നല്‍കാനാകുമോ എന്ന് ആരാധിക ചോദിച്ചപ്പോഴായിരുന്നു ആ സുന്ദര നിമിഷം ആ ചടങ്ങില്‍ പിറന്നത്.
വലിയ ആരാധക വൃന്ദമുള്ള നടനാണ് വിജയ് സേതുപതി. ഈ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ അദ്ദേഹം സമ്മതിച്ചതില്‍ ആശ്ചര്യം തോന്നിയെന്നും വിജയ് ഓഡിയോ ലോഞ്ചിനിടെ പറഞ്ഞിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ അലോചിച്ചിട്ടുണ്ട്.... എന്തിനാണ് അദ്ദേഹം ഒരു വില്ലന്‍ കഥാപാത്രം തെരഞ്ഞെടുത്തതെന്ന്.... അത് വിജയ് സേതുപതിയോട് ചോദിച്ചപ്പോള്‍ മാസ് ഡയലോഗുകള്‍ക്കൊന്നും നില്‍ക്കാതെ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയതെന്നും വിജയ് പ്രസംഗത്തിനിടെ വിജയ് സേതുപതിയെ കുറിച്ച് പറഞ്ഞു. വിജയ് എന്ന പേര് സ്വന്തം പേരിനൊപ്പം മാത്രമല്ല, മനസിലും അദ്ദേഹം സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം തോന്നിയെന്നും ദളപതി പറഞ്ഞു.
മാസ്റ്റര്‍ സിനിമയുടെ പാക്കപ്പ് ദിവസം വിജയ് സേതുപതി വിജയിയെ കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നല്‍കുന്നതിന്‍റെ ചിത്രങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.