സിനിമാഷൂട്ടുകൾ മാത്രമല്ല, ഓണത്തിന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച മലയാളസിനിമകളുടെ റിലീസും പ്രതിസന്ധിയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും മഹാമാരിയെ ഫലപ്രദമായി ചെറുക്കാൻ സാധിക്കാത്തതും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.
വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ പൂർണമായി തുറക്കുന്നതിൽ സർക്കാർ ഇളവുകൾ നൽകാത്ത സാഹചര്യത്തിൽ, ഓഗസ്റ്റിൽ തിയേറ്ററുകൾ തുറക്കുമോ എന്നതിലും ആശങ്കയുണ്ട്. ഓഗസ്റ്റ് 12ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ച 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ റിലീസ് തിയതി നീളുമെന്നാണ് സൂചന.
ദേശീയ അവാർഡിൽ തിളങ്ങിയ മോഹൻലാൽ- പ്രിയദർശൻ ചിത്രം കേരളത്തിലെ 600 സ്ക്രീനുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, തിയേറ്ററുകൾ നിലവിൽ അടഞ്ഞുകിടക്കുന്നതും സമീപഭാവിയിൽ തുറന്നുപ്രവർത്തിക്കുന്നതിലെ പരിമിതമായ സാധ്യതയും മരക്കാർ ഇനിയും വൈകുമെന്ന റിപ്പോർട്ടുകളെ ശരിവക്കുന്നു.
More Read: ബ്രഹ്മാണ്ഡ ചിത്രത്തിന് ബ്രഹ്മാണ്ഡ റിലീസ്; മരക്കാർ റിലീസ് 600 സ്‌ക്രീനിലെന്ന് റിപ്പോർട്ട്
അതേ സമയം, സിനിമയുടെ റിലീസ് തിയതി നീട്ടുന്നതിനെ കുറിച്ച് നിർമാതാക്കളായ ആശിർവാദ് സിനിമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചാൽ മരക്കാറിനൊപ്പം ഓണം ആഘോഷിക്കാമെന്ന ആരാധകരുടെ പ്രതീക്ഷയും യാഥാർഥ്യമാകും.
ഇന്ത്യൻ സിനിമയിലെ മെഗാചിത്രം
മോഹൻലാലിനൊപ്പം ബോളിവുഡ് നടൻ സുനില്‍ ഷെട്ടി, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, പ്രഭു, ഫാസിൽ, അര്‍ജുന്‍ സര്‍ജ, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ തുടങ്ങി പ്രമുഖ അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇക്കഴിഞ്ഞ ദേശീയ അവാർഡിൽ മികച്ച ചിത്രത്തിനും വിഎഫ്എക്സിനുമുള്ള പുരസ്‌കാരം മരക്കാർ നേടിയിരുന്നു. നൂറു കോടി രൂപ ചെലവഴിച്ചാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം നിർമിച്ചത്.
മരക്കാറിന് പുറമെ ആസിഫ് അലിയുടെ കുഞ്ഞെൽദോ, എല്ലാം ശരിയാകും ചിത്രങ്ങളും തിയേറ്റർ റിലീസായി പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നു.