പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍; അറബിക്കടലിന്‍റെ സിംഹത്തിന്‍റെ ട്രെയിലറിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേമികള്‍. കാത്തിരിപ്പിന് വിരാമമിട്ട് കുഞ്ഞാലി മരക്കാറായി വിസ്മയം തീര്‍ക്കാനെത്തുന്ന മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടു. രണ്ട് മിനിറ്റും ഇരുപത്തിമൂന്ന് സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വിഷ്യല്‍ ട്രീറ്റാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഹിന്ദി പതിപ്പിന്‍റെ ട്രെയിലര്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പുറത്തുവിട്ടത്. കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ ചരിത്രമാണ് സിനിമ പറയുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും രണ്ട് ലക്ഷത്തിലധികം ആളുകള്‍ യുട്യൂബില്‍ മാത്രം ട്രെയിലര്‍ കണ്ട് കഴിഞ്ഞു. പ്രധാനകഥാപാത്രങ്ങളെയെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 26 നാണ് സിനിമയുടെ റിലീസ്. ആക്ഷനും വിഎഫ്‌എക്‌സിനും, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. സാബു സിറിലാണ് ചിത്രത്തിന്‍റെ കലാസംവിധായകന്‍.
സൈന വീഡിയോസാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയത്. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകക്കാണ് സൈന മരക്കാറിന്‍റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയത്. അതേസമയം തുക വെളിപ്പെടുത്തിയിട്ടില്ല. മരക്കാറിന്‍റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ ആദ്യ ഫാന്‍സ് ഷോ അര്‍ധരാത്രി 12 മണിക്കും പിന്നീട് പുലര്‍ച്ചെ 4 മണിക്കും ഉണ്ടായിരിക്കും. ഈ രണ്ട് ഷോകള്‍ക്ക് ശേഷം മാത്രമായിരിക്കും റെഗുലര്‍ ഷോകള്‍ ആരംഭിക്കുന്നത്.