മലയാളി മറക്കാത്ത മോഹൻലാൽ- ഭദ്രൻ ചിത്രം സ്‌ഫടികത്തിലെ "പരുമല ചെരുവിലെ" ഗാനം. മോഹൻലാലും കെഎസ് ചിത്രയും ചേർന്ന് പാടിയ ഗാനം പുനരാവിഷ്കരിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മഞ്‌ജു വാര്യർ. ഒരു ടെലിവിഷൻ പരിപാടിയിലാണ് മോഹൻലാലിനെ സാക്ഷിയാക്കി മഞ്‌ജു മനോഹരമായി ഗാനമാലപിച്ചത്. "ഇതൊരു രസമായിരുന്നു," എന്ന് കുറിച്ചുകൊണ്ട് മഞ്‌ജു തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
"ഈ ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് നീയാ കടുവാ ചാക്കോക്ക് കാണിച്ചുകൊടുത്തു. പകരം നിനക്ക് എന്ത് വേണം?" അന്ന് ആട് തോമയിൽ നിന്നും തുളസി ചോദിച്ചത് "ആ കറുത്ത കണ്ണട"യായിരുന്നു. ഗാനാലാപനത്തിനിടയിൽ ഇതേ ഡയലോഗ് വന്നപ്പോൾ മഞ്ജു മോഹൻലാലിനൊട് കറുത്ത കണ്ണട ചോദിച്ചു. മോഹൻലാലിനൊപ്പം സ്റ്റേജിലുണ്ടായിരുന്ന മുകേഷും രമേഷ് പിഷാരടിയും നിർബന്ധിച്ചെങ്കിലും കണ്ണട നൽകിയില്ല. പിന്നീട്, രമേഷ് പിഷാരടി ആ കണ്ണട എടുത്ത് മഞ്‌ജുവിന് നൽകുന്നതും വീഡിയോയിൽ കാണാം.
മഞ്ജുവിന്‍റെ ആലാപനം വളരെ മനോഹരമായിരുന്നെന്ന് കുറിച്ചുകൊണ്ട് സിനിമാതാരങ്ങളും ആരാധകരും കമന്‍റ് ചെയ്‌തു. ചുമ്മാതല്ല മഞ്‌ജു വാര്യർ കലാതിലകമായതെന്നും പ്രശംസകൾ കമന്‍റ് ബോക്‌സിൽ നിറഞ്ഞു. നേരത്തെ ജാക്ക് ആൻഡ് ജിൽ സിനിമയിലെ മഞ്ജു വാര്യർ ആലപിച്ച കിം കിം ഗാനവും വൈറലായിരുന്നു.