മണിരത്നത്തിന്‍റെ ഡ്രീം പ്രോജക്‌റ്റ്... ബിഗ് കാൻവാസിൽ സിനിമ ഒരുക്കുന്ന ഇതിഹാസ സംവിധായകന്‍റെ 'പൊന്നിയൻ സെൽവനി'ൽ അണിനിരക്കുന്നത് ഇന്ത്യൻ സിനിമയിലെ പല ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാണ്. ഐശ്വര്യ റായ്, വിക്രം, ജയറാം മുതൽ കീര്‍ത്തി സുരേഷ്, വിക്രം പ്രഭു വരെയുള്ള വിവിധ തലമുറയാണ് ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നത്.
രണ്ട് ഭാഗങ്ങളായി നിർമിക്കുന്ന ചിത്രത്തിന്‍റെ ഒന്നാം പതിപ്പിലെ കാരക്‌ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് വികടൻ മാസിക. വിക്രം, ജയറാം, ഐശ്വര്യ റായ്, ജയം രവി, തൃഷ, പ്രകാശ് രാജ്, കാർത്തി, പാർഥിപൻ തുടങ്ങി ചിത്രത്തിലെ പ്രഗൽഭ താരങ്ങളുടെ പൊന്നിയൻ സെൽവൻ ലുക്കാണ് പോസ്റ്ററിൽ ഉള്ളത്.
വേറിട്ട ഗെറ്റപ്പിൽ ജയറാം
ആഴ്വാർകടിയൻ നമ്പിയെന്ന വിദൂഷകന്‍റെ വേഷത്തിൽ വളരെ ഞെട്ടിപ്പിക്കുന്ന കഥാപാത്രവുമായാണ് ചിത്രത്തിൽ ജയറാം എത്തുന്നതെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്.
അമിതാഭ് ബച്ചൻ സിനിമയിൽ സുന്ദര ചോഴരുടെ വേഷം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പിന്നീട് പ്രകാശ് രാജിലേക്ക് എത്തുകയായിരുന്നു. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമിച്ച രാജ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമന്‍റെ കഥയാണ് പൊന്നിയൻ സെൽവന്‍റെ ഇതിവൃത്തം.
More Read: സുവർണ യുഗത്തിന് ജീവൻ വക്കുന്നു.... മണിരത്നത്തിന്‍റെ 'പൊന്നിയൻ സെൽവൻ' പോസ്റ്റർ പുറത്ത്
മണിരത്നവും എഴുത്തുകാരൻ ബി ജയമോഹനും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാന്‍ ആണ് പൊന്നിയന്‍ സെല്‍വന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.
കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ആദ്യ പതിപ്പ് 2022ൽ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമയുടെ റിലീസ്.