പ്രണയത്തിന് നിർവചനങ്ങളില്ല, അതിരുകളില്ല. അതു തന്നെയാണ് മണിരത്‌നത്തിന്‍റെ ഫ്രെയിമുകളിലൂടെ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞതും. ഇന്ത്യയുടെ എവര്‍ഗ്രീന്‍ സംവിധായകന്‍ മണിരത്‌നത്തിന്‍റെ 64-ാം ജന്മദിനമാണിന്ന്. സംവിധാനത്തിന് പുറമെ, തിരക്കഥാകൃത്തായും നിർമാതാവായും തെന്നിന്ത്യന്‍ സിനിമകൾക്ക് സമൃദ്ധിയേകിയ പ്രതിഭ. പ്രണയം മാത്രമല്ല, സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനും മണിരത്‌നം സിനിമകളെ പ്രയോജനപ്പെടുത്തി. അവയിലൊക്കെ സംഗീതം കൂടി ചാലിച്ച് അവിസ്‌മരണീയമായി അദ്ദേഹം കഥകൾ പറഞ്ഞു.
1956 ജൂൺ രണ്ടിന് തമിഴ്‌നാട്ടിലെ മദുരൈയിൽ മണിരത്നം ജനിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ നിന്നും എംബിഎയിൽ ബിരുദവും നേടി. കന്നഡ ചിത്രമായ പല്ലവി അനു പല്ലവിയാണ് മണിരത്‌നത്തിന്‍റെ ആദ്യ സംവിധാന സംരംഭം.തന്‍റെ ഭൂരിഭാഗം ചിത്രങ്ങളുടെ തിരക്കഥയും മണിരത്‌നം തന്നെയാണ് തയ്യാറാക്കിയിരുന്നത്. അനുയോജ്യമായ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും മികച്ച ഫ്രെയിമുകളിലൂടെയും പശ്ചാത്തലസംഗീതത്തിലൂടെയും സിനിമയെ അതിന്‍റെ പൂർണതയിലെത്തിക്കാനും മണിരത്‌നം എപ്പോഴും ശ്രമിച്ചിരുന്നു. "അഭിനേതാക്കൾക്ക് അനുകരിച്ച് പറഞ്ഞുകൊടുക്കുന്ന ഒരു സംവിധായകനല്ല ഞാൻ. കഥാപാത്രത്തെക്കുറിച്ചും രംഗത്തെ കുറിച്ചും അഭിനേതാക്കളുമായി ചർച്ച ചെയ്യുകയും അങ്ങനെ അവർക്ക് കഥാപാത്രങ്ങളാകാൻ സ്വതന്ത്ര്യം നൽകാനുമാണ് ഞാൻ ശ്രമിക്കുന്നതെന്ന് മണിരത്നം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ സിനിമകളെ അതുല്യമാക്കുന്നതും.
മണിരത്നം എന്ന പേര് തമിഴകവും കടന്ന് പ്രേക്ഷക മനസിലേക്ക് കുടിയേറാൻ ഒരുപാട് ചിത്രങ്ങൾ സഹായിച്ചിട്ടുണ്ട്. 1992ലെ റൊമാന്‍റിക് ത്രില്ലർ റോജ, 1995ലെ ബോംബെ, മൂന്ന് വർഷത്തിന് ശേഷം റിലീസിനെത്തിയ ദിൽ സേ, തമിഴിൽ മാധവൻ- ശാലിനി ജോഡിയിൽ പുറത്തിറക്കിയ അലൈ പായുതേ, ഇതിന്‍റെ ഹിന്ദി പതിപ്പായ സാതിയാ, ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം ഗുരു എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണ്.
തമിഴ്നാടിന്‍റെ രാഷ്ട്രീയകഥ പറഞ്ഞ ഇരുവർ അദ്ദേഹത്തിന്‍റെ മാസ്റ്റർപീസ് ചിത്രങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ്. കൂടാതെ, ദളപതി, നായകന്‍, യുവ, രാവൺ, ഓകെ കണ്‍മണി എന്നിങ്ങനെ ഒട്ടനവധി ചലച്ചിത്രങ്ങളും മണിരത്നത്തിന്‍റെ സംവിധാനത്തിലൂടെ പിറന്നവയാണ്.
പൊന്നിയില്‍ സെല്‍വൻ എന്ന ബിഗ് ബജറ്റ് ചിത്രമാണ് പ്രദർശനത്തിനെത്തുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. 1994ൽ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലും മണിരത്നത്തിന്‍റെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു.
പ്രണയവും കലാപവും സംഗീതവും കലർത്തി ദൃശ്യവിരുന്നൊരുക്കിയ അതുല്യ കലാകാരനെ 2002ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.