പ്രകൃതിദുരന്തത്തില്‍ സര്‍വ്വവും നഷ്‌ടമായവര്‍ക്ക് സഹായ ഹസ്‌തവുമായി നടന്‍ മമ്മൂട്ടി. താരത്തിന്‍റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് മമ്മൂട്ടി കോട്ടയം കൂട്ടിക്കലിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചിരിക്കുന്നത്.
താരം നേരിട്ട് ഏര്‍പ്പാടാക്കിയ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം രാവിലെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സേവനം ആരംഭിച്ചിട്ടുണ്ട്. വിദഗ്‌ധ ഡോക്‌ടര്‍മാരും മരുന്നുകളും ആധുനിക മെഡിക്കല്‍ ഉപകരണങ്ങളുമായാണ് സംഘം ക്യാമ്പുകളിലെത്തിയിരിക്കുന്നത്.
ആലുവ രാജഗിരി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്‌ധനുമായ ഡോ.സണ്ണി പി.ഓരത്തിലിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് സന്നദ്ധ പ്രവര്‍ത്തകരായി എത്തിയിരിക്കുന്നത്.
പത്ത് കുടുംബങ്ങള്‍ക്ക് ഒന്ന് വീതം ജലസംഭരണിവച്ച് 100 എണ്ണം താരം ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കിടക്കകള്‍, പാത്രങ്ങള്‍, പുതിയ വസ്‌ത്രങ്ങള്‍ തുടങ്ങി മറ്റ് അവശ്യ വസ്‌തുക്കള്‍ അടങ്ങുന്ന രണ്ടായിരത്തിലധികം കിറ്റുകളും ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു.
- " class="align-text-top noRightClick twitterSection" data="">
Also read: 'ആവര്‍ത്തനയ്‌ക്ക് ഇത് ആവര്‍ത്തിക്കാം' ; അഭിനന്ദനം അറിയിച്ച് മമ്മൂട്ടി, വൈറലായി 7 വയസ്സുകാരി
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്. കൂടാതെ മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയിലെ പ്രവര്‍ത്തകരും കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി സഹായമെത്തിക്കുന്നുണ്ട്.
ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത് അടിയന്തര സേവനങ്ങളാണെന്നും കൂടുതല്‍ സഹായങ്ങള്‍ വരും ദിവസങ്ങളില്‍ ദുരിതബാധിതര്‍ക്ക് എത്തിക്കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്‌ടര്‍ ബോര്‍ഡ് അറിയിച്ചു.
കൂട്ടിക്കലില്‍ ദുരന്തമുണ്ടായപ്പോള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്‌ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും, സംഘത്തെയും മമ്മൂട്ടി ദുരന്തമുഖത്ത് അയക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് സഹായങ്ങള്‍ ലഭ്യമാക്കുന്നത്.