എറണാകുളം: ജനപ്രതിനിധികളെ വോട്ടർമാർക്ക് തിരിച്ചു വിളിക്കാനുള്ള റീകോൾ സംവിധാനത്തെ അനുകൂലിക്കുന്നുവെന്ന് നടൻ മമ്മൂട്ടി. സന്തോഷ് വിശ്വനാഥ് ചിത്രം വണ്ണിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കടയ്‌ക്കൽ ചന്ദ്രൻ തന്നെ ആകർഷിച്ച കഥാപാത്രമാണെന്ന് മമ്മൂട്ടി വ്യക്തമാക്കി. സിനിമയിൽ എല്ലാം ചർച്ച ചെയ്യാം. എന്നാൽ, പ്രായോഗിക ജീവിതത്തിൽ അവ യാഥാർഥ്യമാക്കാൻ കഴിയണമെന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കടയ്ക്കൽ ചന്ദ്രനെന്ന കഥാപാത്രത്തിന് സാമ്യമുള്ളതായി കരുതുന്നില്ലന്നും മമ്മൂട്ടി പറഞ്ഞു. അതേ സമയം രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നു മമ്മൂട്ടി ഒഴിഞ്ഞു മാറി.
സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന മമ്മൂട്ടിയുടെ ലുക്കിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രത്യേകിച്ചൊരു സ്റ്റൈലുമില്ലെന്നാണ് മെഗാസ്റ്റാർ മറുപടി പറഞ്ഞത്. "നീളൻ മുടി ചീകിയൊതുക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കെട്ടിവക്കും. ഷർട്ടും പാന്‍റും തേച്ചുമിനുക്കാൻ സമയമെടുക്കുമ്പോൾ മുമ്പും ഷർട്ടുമിട്ടു" മമ്മൂട്ടി പറഞ്ഞു. അതേ സമയം, വൺ ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ എത്തിയ മമ്മൂട്ടിയുടെ ലുക്കും ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിലെത്തുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് വൺ. നേരത്തേ രാഷ്ട്രീയ നേതാവായും മന്ത്രിയായും മമ്മൂട്ടി സ്ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ ഇതാദ്യമായാണ് അഭിനയിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വൺ പ്രദർശനത്തിനെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ് പറഞ്ഞു. എക്കാലത്തും പ്രസക്തമായ രാഷ്ട്രീയമാണ് സിനിമ ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല കൊവിഡ് കാരണമാണ് സിനിമയുടെ റിലീസ് വൈകിയതെന്നും സംവിധായകൻ വ്യക്തമാക്കി.