മമ്മൂട്ടി സിനിമക്കെല്ലാം പ്രേക്ഷകർ റീത്ത് വക്കുന്ന കാലം...മമ്മൂട്ടിയുടെ ചിത്രത്തിന് ആളുകൾ മാറിമാറി കൂവുന്ന കാലം... നിർമാതാക്കൾ മമ്മൂട്ടിക്ക് മുൻപിൽ വാതിലുകൾ കൊട്ടിയടച്ചുകൊണ്ടിരുന്ന നാളുകൾ...34 വർഷങ്ങൾക്ക് മുൻപുള്ള മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഇരുണ്ട നാളുകൾ...
തിരിഞ്ഞു നോക്കുമ്പോഴുള്ള ഇരുണ്ട നാളുകളുടെ ചാരത്തിൽ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ 34 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ഉയർത്തെഴുന്നേറ്റു. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയിലൂടെ...ജോഷിയുടെ സംവിധാനത്തിലൂടെ...പിന്നീട് മലയാള സിനിമ കണ്ടത് ഒരു പുത്തൻ താരോദയം ആയിരുന്നു. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്‍റെ പിറവി. മെഗാസ്റ്റാറിന്‍റെ ഉയിർത്തെഴുന്നേൽപ്പിന് കാരണമായ ന്യൂഡൽഹി പിറന്നിട്ട് ഇന്നേക്ക് 34 വർഷങ്ങൾ...
നിർമാതാക്കൾ കൈയ്യൊഴിഞ്ഞ മമ്മൂട്ടിക്ക് മുന്നിൽ ജോയി തോമസ് മാലാഖയുടെ കരങ്ങൾ നീട്ടി. അങ്ങനെ ന്യൂഡൽഹി പിറന്നു. ഒപ്പം ആളിക്കത്തുന്ന പ്രതികാരം വീട്ടാൻ കൊലപാതക പരമ്പരകൾ സൃഷ്ടിക്കുന്ന ജികെ എന്ന ജി കൃഷ്ണമൂർത്തി എന്ന ന്യൂഡൽഹി ഡയറി ചീഫ് എഡിറ്ററും.
ന്യൂഡൽഹി ടീമിന് പുറമെ സിനിമയുടെ പ്രിവ്യു കണ്ട ഏക വ്യക്തി പ്രിയദർശൻ ആയിരുന്നു. സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ ശേഷം മമ്മൂട്ടി തിരിച്ചുവരുന്ന സിനിമയായിരിക്കും ന്യൂഡൽഹി എന്ന് പ്രിയദർശൻ മോഹൻലാലിനെ വിളിച്ചുപറഞ്ഞു. 1987 ജൂലൈ 24ന് ന്യൂഡൽഹി റിലീസ് ആയത് അന്നുവരെ മലയാള സിനിമ സൃഷ്ടിച്ചുവച്ചിരുന്ന പല റെക്കോഡുകളും തകർത്തുകൊണ്ടായിരുന്നു. മദ്രാസിലെ സഫയര്‍ തിയേറ്ററില്‍ 100 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.