മമ്മൂട്ടിയുടെ സപ്‌തതി ആഘോഷം അവസാനിക്കുന്നില്ല. സിനിമയിൽ അൻപത് വർഷങ്ങളും ജീവിതത്തിൽ എഴുപതാം വയസിലേക്കും കടക്കുന്ന മെഗാസ്റ്റാറിന് ജന്മനാടിന്‍റെ വക പിറന്നാൾ സമ്മാനം.
ചെമ്പ് പഞ്ചായത്ത് റോഡ് ഇനി പത്മശ്രീ ഭരത് മമ്മൂട്ടി റോഡ്
വൈക്കം ചെമ്പിലെ പാണപറമ്പിൽ തറവാട്ട് വീട്ടിലേക്കുള്ള വഴി പത്മശ്രീ ഭരത് മമ്മൂട്ടി എന്ന് നാമകരണം ചെയ്‌താണ് നാട്ടുകാർ തങ്ങളുടെ പ്രിയനടന് പിറന്നാൾ സമ്മാനം നൽകുന്നത്. മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിവസമാണ്, ചെമ്പ് പഞ്ചായത്ത് റോഡിന് മമ്മൂട്ടിയുടെ പേര് നൽകാൻ തീരുമാനിച്ചത്. റോഡിലെ മനോഹരമായ പ്രവേശന കവാടത്തിൽ പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്ന് എഴുതും.
Also Read: മുടി വെട്ടി, ക്ലീൻ ഷേവിൽ 'പുഴു'വിനായി മമ്മൂട്ടി ഒരുങ്ങി; പുത്തൻ ഗെറ്റപ്പിലും ചുള്ളൻ ലുക്ക്
ചെമ്പ് അങ്ങാടിക്കും മുറിഞ്ഞപ്പുഴ പാലത്തിനും മധ്യത്തിലുള്ള മുസ്ലിം പള്ളിക്ക് സമീപത്ത് നിന്നാണ് ഒന്നര കിലോമീറ്റർ നീളം വരുന്ന റോഡാണ് ഇനി മമ്മൂട്ടിയുടെ പേരിൽ അറിയപ്പെടുന്നത്. മമ്മൂട്ടി സ്‌കൂൾ പഠനകാലത്തും മഹാരാജാസിലെ കോളജ് പഠനകാലത്തും സിനിമ ജീവിതത്തിന്‍റെ ആരംഭയാത്രയിലും സഞ്ചരിച്ചിരുന്ന റോഡാണ് ചെമ്പ് മുസ്ലിം പള്ളി കാട്ടാമ്പള്ളി റോഡ്. മൂന്ന് മീറ്റർ വീതിയാണ് ഇതിനുള്ളത്.
അന്നത്തെ നടപ്പാത ഇന്ന് ടാറിട്ട റോഡാണ്. ഇതിന്‍റെ അറ്റകുറ്റപ്പണികൾ കൂടി പൂർത്തിയാക്കി, കാനകൾ നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനാണ് പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ശേഷം വൈക്കം എറണാകുളം റോഡിൽ നിന്ന് പ്രവേശിക്കുന്ന ഭാഗത്തായി മനോഹര കവാടം നിർമിച്ച് അതിൽ മമ്മൂട്ടിയുടെ പേര് വച്ച് നാമകരണം ചെയ്യും.