ഒരു മഹാനടന്‍റെ അവസാനചിത്രം... അവിടെ വളരെ ചെറിയൊരു രംഗത്തിൽ പേരോ സംഭാഷണമോ ഇല്ലാത വന്നുപോയ പൊടിമീശക്കാരൻ... പിന്നീട് അയാൾ കടന്നുകയറിയത് കാലത്തിന്‍റെ നീക്കുപോക്കുകൾ അറിയാതെ അൻപത് വർഷങ്ങൾ. അഭിനയം അഭിനിവേശമാക്കിയ മുഹമ്മദ് കുട്ടി ഇസ്മായിൽ പനിപ്പറമ്പിൽ... ചെറുതായി തുടങ്ങി പടവുകൾ കയറി, ഇടയ്‌ക്ക് വീണും വീഴ്‌ചയിൽ നിന്ന് എഴുന്നേറ്റ് കുതിച്ചുപാഞ്ഞും കീഴടക്കിയത് നാട്യത്തിന്‍റെയും നടനത്തിന്‍റെയും പരമോന്നത പീഠം...
മഹാരാജാസ് കോളജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് അഭ്രപാളിയുടെ വെള്ളിത്തിളക്കത്തിലേക്ക് അയാൾ നടന്നുകയറുന്നത്. സത്യനും ഷീലയും ഒരുമിച്ച് അഭിനയിച്ച 'അനുഭവങ്ങൾ പാളിച്ചകളി'ലെ രണ്ട് ചെറിയ ഷോട്ടുകൾ... മലയാളത്തിന്‍റെ മഹാനടനായിരുന്ന സത്യൻ മാഷിന്‍റെ അവസാനചിത്രങ്ങളിലൊന്ന് മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ ആദ്യ സിനിമയുമായി. കാലം അന്ന് അവിടെ കുറിച്ചിട്ടത് അവിശ്വസനീയമായ കലാസംഗമം....
ടൈറ്റിൽ കാർഡിൽ പോലും പേര് തെളിയാത്ത ചിത്രത്തിലെ ആൾക്കൂട്ടത്തിലെ ഒരാൾ... അനുഭവങ്ങൾ പാളിച്ചകൾ ആണ് തന്റെ ആദ്യചിത്രമെന്ന് പറയാനാണ് മമ്മൂട്ടിക്കിഷ്‌ടം.
പിന്നീട് കാലചക്രത്തിലും ദേവലോകത്തിലും മുഖം കാണിച്ചു. എന്നാൽ, എം.ടിയുടെ ദേവലോകം പുറത്തെത്തിയില്ല.
More Read: അഭിനയത്തിന്‍റെ മഹാപ്രവാഹം... മലയാളത്തിന്‍റെ നടന യൗവ്വനത്തിന് പിറന്നാൾ
ആദ്യ സിനിമയ്‌ക്ക് ശേഷം ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നടനായി മമ്മൂട്ടി അരങ്ങേറിയത്. 1980ൽ റിലീസ് ചെയ്‌ത 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് എം.ടി വാസുദേവൻ നായർ തന്നെയായിരുന്നു. സുകുമാരനായിരുന്നു ചിത്രത്തിലെ നായകൻ.
പിന്നീട് നായകനായി മലയാളസിനിമയിൽ ചുവടുറപ്പിക്കുമ്പോഴും അനന്തരത്തിലൂടെ സഹതാരമായും വിധേയനിലൂടെ പ്രതിനായകനായും നടനത്തിന്‍റെ പല മുഖങ്ങൾ പകർന്നാടുന്നതിൽ അദ്ദേഹം വിമുഖത കാണിച്ചിട്ടില്ല.
ഐതിഹാസിക സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനൊപ്പം പ്രവർത്തിച്ച മൂന്ന് സിനിമകളിൽ രണ്ടെണ്ണവും ദേശീയ അവാർഡ് നേട്ടം കൈവരിച്ച ചിത്രങ്ങളാണ്... അംഗീകാരങ്ങളിലേക്ക് മാത്രം തളച്ചിടാനാവാത്ത അഭിനയയാത്രയാണ് മഹാനടന്‍റെ അര നൂറ്റാണ്ട്.
More Read: എംടിയുടെ ചതിയനല്ലാത്ത ചന്തു; മലയാളത്തിന്‍റെ ചിത്രകാവ്യത്തിന് ഇന്ന് 32 വയസ്
ശബ്‌ദം പോരാ എന്ന് പറഞ്ഞു തിരിച്ചയച്ചവർ പോലും ആ ശബ്‌ദത്തിനായി പിന്നീട് കാത്തു നിന്നു. വിശ്വനാഥനും അലക്‌സാണ്ടറും മന്നാടിയാരും കാലം കാത്തുവെച്ച നടന വിസ്‌മയങ്ങൾ.
മൂന്ന് ദേശീയ അവാർഡുകൾ, ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ, 13 ഫിലിംഫെയർ അവാർഡുകൾ, 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, പത്മശ്രീ, കേരള സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം.. കണ്ടും അനുഭവിച്ചും കേട്ടും പരിചയമുള്ള പല പല മനുഷ്യന്‍റെ മാനസികവിഭ്രാന്തികൾ തെളിഞ്ഞുനിന്ന ഒരോ മമ്മൂട്ടി ഫ്രെയിമുകളും പ്രേക്ഷകനിലേക്ക് പകർന്നിറങ്ങിയ മഹാനടനങ്ങളായിരുന്നു.
ഒരു മലയാളം, ഒരു മമ്മൂട്ടി. മലയാളം ഒന്നേ ഉള്ളുവെങ്കിൽ മൊഴിമലയാളങ്ങൾ പലതാണ്. അവയെല്ലാം പല ഭാവങ്ങളിൽ, ശൈലിയിൽ മമ്മൂട്ടി പകർന്നാടി പലപ്പോഴായി പ്രേക്ഷകനെ വിസ്‌മയിപ്പിച്ചു. ഭാഷാശൈലിയിൽ മാത്രമല്ല കഥാപാത്രത്തിന് അനുസരിച്ച് ശബ്‌ദം നിയന്ത്രിച്ച് മമ്മൂട്ടി പകർത്തിവച്ച ഓരോ അഭിനയമുഹൂർത്തങ്ങളും പ്രേക്ഷകനില്‍ മമ്മൂട്ടിയെ പ്രതിഷ്‌ഠിച്ചുവച്ചു.
തിരുവനന്തപുരത്തിന്‍റെ മാണിക്യമായും കോട്ടയത്തിന്‍റെ കുഞ്ഞച്ചനായും പത്തനംതിട്ടയുടെ മാത്തുക്കുട്ടിയായും ഇടുക്കിയുടെ ലൗഡ് സ്‌പീക്കറായും കൊച്ചിക്കാരുടെ ബിലാലായും തൃശ്ശിവപേരൂരിന് പ്രാഞ്ചിയേട്ടനായും പാലക്കാടിന്‍റെ വാത്സല്യം രാഘവനായും കോഴിക്കോടിന് പാലേരിയായും മലപ്പുറത്തുകാർക്ക് കണ്ടക്‌ടറായും കണ്ണൂരിന്‍റെ കുഞ്ഞനന്തനായും കാസർകോഡിന്‍റെ സ്വന്തം ഷേണായിയായുമൊക്കെ മൊഴി മലയാളത്തിന്‍റെ വിവിധ രൂപങ്ങൾ ഉൾക്കൊണ്ട അഭിനയ പ്രതിഭ.
More Read: തനിയാവർത്തനവും ലോഹി എൻട്രിയും; 33വർഷങ്ങളിലൂടെ ജീവിക്കുമ്പോൾ....
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലേക്ക് കൂടി ഈ നടന്‍റെ വിസ്‌മയമുഹൂർത്തങ്ങൾ കടന്നെത്തി.
തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്കിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നീ ചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. ഹിന്ദിയിൽ നായകനായി അഭിനയിച്ചത് ധർതിപുത്രയിലാണ്. ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012)യിലൂടെ കന്നഡയിലും സാന്നിധ്യമറിയിച്ച മെഗാതാരം 2000ൽ ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ഇന്ത്യൻ-ഇംഗ്ലീഷ് ചിത്രത്തിലൂടെ ഭാഷകൾക്ക് അതീതമായ അഭിനയയാത്രയിലും മികവ് കാട്ടി.
യുവത്വത്തിനിടയിലേക്ക് പൊലീസുകാരനേയും പട്ടാളക്കാരനെയും ഹീറോ ഇമേജോടെ രൂപപ്പെടുത്തിവച്ചതിൽ മമ്മൂട്ടിയുടെ ഇൻസ്‌പെക്‌ടർ ബൽറാമും മേജർ പട്ടാഭിരാമനും നിർണായപങ്കുണ്ട്. സിബിഐ സേതുരാമയ്യരും തേവള്ളിപ്പറമ്പിൽ ജോസഫ് അലക്‌സ് എന്ന ഐഎഎസ്സുകാരനും നന്ദഗോപാൽ മാരാരെന്ന അഭിഭാഷകനും മാസുകൾ കാണിച്ച് മമ്മൂട്ടിയിലേക്ക് ആസ്വാദകരെ സമ്പാദിച്ചു.
വാറുണ്ണിയും പുട്ട് ഉറുമീസും ബാലൻമാഷും ബഷീറും വിദ്യാധരനുമെല്ലാം ജീവിതത്തിന്‍റെ പലകോണുകളിലുള്ള പച്ചയായ മനുഷ്യർ.
മമ്മൂട്ടി എന്ന നടൻ തന്‍റെ താരപരിവേഷം അനായാസം അഴിച്ചു വച്ച് വെല്ലുവിളി നിറഞ്ഞ ഒരു തിരക്കഥയിലേക്ക് ഇറങ്ങിച്ചെന്ന സിനിമ, വൈകല്യമുള്ള കൗമാരക്കാരിയായ മകളും നിസ്സഹായനായ അച്ഛനും. പേരൻപിലെ അമുതന്‍റെ ഓരോ ഫ്രെയിമുകളും അതിസൂക്ഷ്‌മമായ അഭിനയ അംശങ്ങളാണ്.
More Read: നന്ദഗോപാല്‍ മാരാരും അശോക് രാജും ജോൺ എബ്രഹാം പാലയ്ക്കലും പിന്നെ മമ്മൂട്ടിയും
ആർത്തി... അഭിനയത്തോടുള്ള അതിയായ ആവേശം... അന്നത്തെ തുടക്കക്കാരന്‍റെ കൗതുകവും ഉത്സാഹവും ആവേശവുമാണ് ആക്ഷനും കട്ടിനുമിടയിൽ മമ്മൂട്ടി പകർന്നാടിയ ഓരോ അഭിനയമുഹൂർത്തങ്ങളും. അഞ്ച് പതിറ്റാണ്ടുകളുടെ നിറവിൽ മമ്മൂട്ടി നിറഞ്ഞുനിൽക്കുമ്പോഴും, ഇനിയും വിശ്വസിനിമ കാത്തിരിക്കുന്നത് അഭിനയകുലപതിയുടെ ഇനിയും പ്രതീക്ഷിക്കാനാവാത്ത പകർന്നാട്ടങ്ങൾ.