തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ അര്‍ഹനായി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ലോകനിലവാരത്തിലുള്ള കഥകള്‍ കൊണ്ട് എല്ലാ കാലത്തും വായനക്കാരുടെ ഹൃദയത്തിലിടം നേടിയ എഴുത്തുകാരനാണ് സക്കറിയ. 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്ക് സമീപം ഉരുളികുന്നത്താണ് പോള്‍ സക്കറിയ എന്ന സക്കറിയയുടെ ജനനം. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയുമാണ് മാതാപിതാക്കള്‍. ബാംഗ്ലൂര്‍ എംഇഎസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജിലും അധ്യാപകനായിരുന്നു.
സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, ഒരു നസ്രാണിയുവാവും ഗൗളി ശാസ്ത്രവും, ഭാസ്‌കരപട്ടേലരും എന്‍റെ ജീവിതവും, എന്തുണ്ട് വിശേഷം പീലാത്തോസേ?, കണ്ണാടികാണ്മോളവും, സക്കറിയയുടെ കഥകള്‍, പ്രെയ്‌സ് ദ ലോര്‍ഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ?, ഇഷ്ടികയും ആശാരിയും, ഇതാണെന്‍റെ പേര്, ജോസഫ് ഒരു പുരോഹിതന്‍, ഗോവിന്ദം ഭജ മൂഢമതേ, ഒരു ആഫ്രിക്കന്‍ യാത്ര, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, ഉരുളിക്കുന്നത്തിന്‍റെ ലുത്തീനിയ, തേന്‍, സക്കറിയയുടെ തെരഞ്ഞെടുത്ത കഥകള്‍, വഴിപോക്കന്‍ എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഒ.വി വിജയന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം തുടങ്ങയ നിരവധി അംഗീകാരങ്ങള്‍ സക്കറിയയെ തേടിയെത്തിയിട്ടുണ്ട്. സമൂഹം തരുന്നൊരു പുരസ്‌കാരമായാണ് ഇതിനെ കാണുന്നതെന്നും പുരസ്‌കാര ലബ്‌ദിയില്‍ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു.