തൃശൂർ: അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്‍പറ്റ ബാലകൃഷ്ണന് (75) അന്തരിച്ചു. അസുഖം ബാധിച്ച് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
സാഹിത്യകാരനെന്നതിന് പുറമെ, ദേശീയ അംഗീകാരം നേടിയ 'മലമുകളിലെ ദൈവം', 'ശക്തന്‍ തമ്പുരാന്‍' എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയായിരുന്നു ഡോ. കല്‍പറ്റ ബാലകൃഷ്ണന്. മലയാള സാഹിത്യത്തിലെ ഗാന്ധിയന്‍ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് അദ്ദേഹത്തിന് ഡോക്‌ടറേറ്റ് ലഭിച്ചത്. 1945 ജൂലൈ നാലിന് കൈതള ഉണ്ണി നീലകണ്ഠന്‍റെയും കെ.കാര്‍ത്യായനിയുടെയും മകനായി ജനിച്ചു. മേമുറി എല്‍.പി സ്കൂള്‍, കല്ലറ എന്‍എസ്എസ് ഹൈസ്കൂള്‍, തരിയോട് ഗവ. ഹൈസ്കൂള്‍, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളം എംഎ രണ്ടാം റാങ്കോടെ വിജയിച്ചു. എസ്കെഎംജെ ഹൈസ്കൂള്‍ കല്‍പ്പറ്റ, മാര്‍ അത്തനേഷ്യസ് കോളജ്, തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃതം സര്‍വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലം സെക്രട്ടറിയായും ഡോ.ബാലകൃഷ്‌ണൻ പ്രവർത്തിച്ചിട്ടുണ്ട്.
എഫ്എം കവിതകള്‍, അകല്‍ച്ച, അകംപൊരുള്‍ പുറം പൊരുള്‍, ഗില്‍ഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓര്‍മ്മപുസ്തകം(നോവലുകള്‍), അപ്പോളോയുടെ വീണ, കാലഘട്ടം, ചരിത്ര നോവല്‍ മലയാളത്തില്‍, നിരൂപകെന്റ വിശ്വദര്‍ശനം, ആല്‍ഫ്രഡ് കുബിന്‍- ഒരു ചന്ദ്രവംശി, ഗാന്ധിയന്‍ സൗന്ദര്യവിചാരം, മലയാള സാഹിത്യ ചരിത്രം (വിമര്‍ശനങ്ങള്‍), മുദ്രാരാക്ഷസം, അതിനുമപ്പുറം (വിവര്‍ത്തനങ്ങള്‍), സമ്പൂര്‍ണ മഹാഭാരതം, കെ. കരുണാകരെന്റ നിയമസഭാ പ്രസംഗങ്ങള്‍ (എഡിറ്റര്‍) എന്നിവയാണ് രചനകള്‍. ബാലാമണി അമ്മ സില്‍വര്‍ കപ്പ് (1963), സമഗ്രസാഹിത്യ സംഭാവനക്ക് തൃശൂര്‍ ഏയ്സ് ട്രസ്റ്റ് പ്രഥമ സാഹിത്യ പുരസ്കാരം, അയനം സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. ഭാര്യ: ഡോ. കെ. സരസ്വതി. മക്കള്‍: ജയസൂര്യ, കശ്യപ്, അപര്‍ണ.