കൊവിഡ് 19 കേരളത്തില്‍ പിടിമുറുക്കുകയാണ്. റിലീസ് പ്രഖ്യാപിച്ചിരുന്ന പല മലയാള സിനിമകളും റിലീസ് മാറ്റിവെച്ചു. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ലിസിറ്റില്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ സിനിമകള്‍ ചോരാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ ഒരു മുഴം മുമ്പേ കരുതല്‍ നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചോര്‍ച്ച ഭയന്ന് സിനിമകളുടെ ദൃശ്യവും ശബ്ദവും വെവ്വേറെയാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് സിനിമകളാണ് പ്രധാനമായും ഇത് ചെയ്തിരിക്കുന്നത്.
സിനിമകൾ എപ്പോൾ റിലീസ് ചെയ്യാനാകുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കരുതല്‍. സാധാരണ നിലയില്‍ ഡിജിറ്റല്‍ ഇന്‍റര്‍മീഡിയേറ്റ് അഥവാ ഡിഐ ഇത് പൂര്‍ത്തിയാക്കിയാല്‍ ദിവസങ്ങള്‍ക്കകം റിലീസ് ചെയ്യുന്നതാണ് രീതി. സിനിമ നിര്‍മാണത്തില്‍ അവസാനഘട്ട ജോലിയാണ് ഡിഐ. ഇതിനു ശേഷമാണ് ശബ്ദവും ദൃശ്യവും ചേര്‍ക്കുന്നത്. അതിനുശേഷം ഹാര്‍ഡ് ഡിസ്‌കിലാക്കി സിനിമ പുറത്തെടുക്കും. എന്നാല്‍ ഈ സാഹചര്യത്തില്‍ സിനിമകള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കി സൂക്ഷിക്കുന്നതും അതിനുവേണ്ടി കോപ്പി ചെയ്യുന്നതും ചോരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. അതിനാല്‍ മിക്ക സിനിമകളും ഡിഐ സ്റ്റുഡിയോകളില്‍ ഔട്ട്പുട്ട് ഇറക്കാതെ ദൃശ്യവും ശബ്ദവും വെവ്വേറെ ലോക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, മമ്മൂട്ടിയുടെ വണ്‍ എന്നിവയാണ് പ്രധാനമായും ഈ മാസങ്ങളില്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രങ്ങള്‍. മരക്കാര്‍ ഈ മാസം 26 നും വണ്‍ ഏപ്രില്‍ ആദ്യവുമാണ് റിലീസിന് ഒരുങ്ങിയിരുന്നത്. തമിഴില്‍ വിജയിയുടെ മാസ്റ്ററാണ് വമ്പന്‍ റിലീസിന് തയ്യാറെടുത്തിരുന്ന ചിത്രം.