മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് 'ലൂസിഫറിന്' ഒരു വയസ്. പോയവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ കന്നി സംവിധാന സംരംഭം ലൂസിഫര്‍. വേള്‍ഡ് വൈഡ് റിലീസിലൂടെ ചിത്രം വലിയ തുകയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മകുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ആദ്യ ഷോ ടൈറ്റില്‍ റോളിലെത്തിയ മഹാനടന്‍ മോഹന്‍ലാലിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം കാണാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മരണം വരെ 2019 മാര്‍ച്ച് 28 തനിക്ക് സ്പെഷ്യലായിരിക്കുമെന്നാണ് പൃഥ്വിരാജ് കുറിച്ചത്.
'കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു ലൂസിഫറിന്‍റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയത്. മൂന്ന് മാസത്തെ രാപകലില്ലാതെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഷെഡ്യൂളുകളുടെ പൂര്‍ണത. എന്‍റെ ഛായാഗ്രാഹകന്‍റെ, എഡിറ്ററുടെ, സൗണ്ട് എഡിറ്ററുടെ, വിഎഫ്‌എക്‌സ് ടീമിന്‍റെയുമെല്ലാം ശക്തമായ പിന്തുണയില്ലാതെ എനിക്കത് കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനുമായിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം ലോകം ആകെ മാറിയിരിക്കുന്നു.... 30 കിലോ ഭാരം കുറച്ചാണ് ഞാനിപ്പോഴുള്ളത്. കഠിനമായ സമയമാണിത്. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഓര്‍മകള്‍ എന്നും പ്രധാനമെന്ന് ഞാന്‍ മനസിലാക്കുന്നു. റിലീസിന് തലേദിവസം എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ സുപ്രിയയും ഞാനും എറണാകുളത്തെ കവിത സിംഗിള്‍ സ്‌ക്രീനില്‍ എന്‍റെ കന്നി സംവിധാന സംരംഭത്തിന്‍റെ ആദ്യ ഷോ കാണാന്‍ പോയി. ആ ജനക്കൂട്ടത്തിനിടയില്‍ വെച്ച് ലാലേട്ടന്‍ ഞങ്ങള്‍ക്കൊപ്പം സിനിമ കാണാനെത്തി. ജീവിതത്തിലെ ഏറ്റവും മികച്ച സര്‍പ്രൈസുകളിലൊന്നായിരുന്നു അത്. സിനിമയിലെ പ്രധാനപ്പെട്ട വലിയ യാത്രകളിലൊന്നായിരുന്നു അത്. മരണം വരെ 28/03/19 ഈ ദിനം എനിക്ക് പ്രത്യേകമായിരിക്കും' പൃഥ്വിരാജ് കുറിച്ചു.
സുചിത്ര മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, ടൊവിനോ തോമസ് എന്നിവരെയും മോഹന്‍ലാലിനൊപ്പം പൃഥ്വി പകര്‍ത്തിയ ചിത്രത്തില്‍ കാണാം. മുരളിഗോപിയായിരുന്നു ലൂസിഫറിന്‍റെ കഥക്ക് പിന്നില്‍. എമ്പുരാന്‍ എന്ന പേരില്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗവും ഉടന്‍ ഉണ്ടാകും. ബ്ലസി ചിത്രം ആടുജീവിതത്തിന്‍റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പൃഥ്വിരാജിപ്പോള്‍ ജോര്‍ദാനിലാണുള്ളത്. ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പൂര്‍ണതക്കായി പൃഥ്വിരാജ് ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. മുപ്പത് കിലോയാണ് താരം കുറച്ചത്.