ലളിത-പത്മിനി-രാഗിണി, തിരുവിതാംകൂർ സഹോദരിമാര്‍ മലയാളിക്ക് അപരിചിതരല്ല. ഉർവശിയും കൽപനയും കലാരഞ്‌ജിനിയും മലയാള സിനിമയിൽ ആവർത്തിക്കപ്പെട്ട സഹോദരി ത്രയങ്ങളാണ്. ബാലതാരങ്ങളായും നായികയായുമൊക്കെ സഹോദരിയുടെ ചുവട് പിടിച്ച് അനിയത്തിയും ജ്യേഷ്‌ഠത്തിയുമൊക്കെ സിനിമയിൽ എത്തി പ്രേക്ഷകർക്ക് സുപരിചിതരായിട്ടുണ്ട്. അവയിൽ ശാലിനി- ശ്യാമിലി തുടങ്ങി ഇപ്പോൾ സമൂഹമാധ്യമങ്ങളിലും താരങ്ങളായ അഹാനയും സഹോദരിമാരും വരെ ഉൾപ്പെടുന്നു. സിനിമകളിലൂടെ മലയാളിക്ക് പരിചിതരായ സഹോദരി താരങ്ങളെയും മലയാളികളായ സഹോദരി താരങ്ങളെയും പരിചയപ്പെടാം.
കവിയൂർ പൊന്നമ്മ- കവിയൂർ രേണുക
മലയാളിക്ക് അമ്മയാണ് കവിയൂർ പൊന്നമ്മ. 1950-60 കാലഘട്ടത്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളിപ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരം. നായികയായും പിന്നീട് പ്രം നസീർ, മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം അമ്മ റോളുകളിലൂടെയും നടി തിളങ്ങിയിട്ടുണ്ട്. മലയാളിയുടെ വാത്സല്യവതിയായ അമ്മ കവിയൂർ പൊന്നമ്മയുടെ സഹോദരിയും സമാനമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ അഭിനയിച്ചിട്ടുണ്ട്.
കെപിസിസി നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മയുടെ അനുജത്തി കവിയൂർ രേണുക അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടിവി സീരിയലുകളിലും ഭാഗമായി. ജോഷി ചിത്രമായ ലേലത്തിലൂടെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിൽ നിരവധി അമ്മ വേഷം ചെയ്‌ത രേണുക സമ്മാനം, വാഴുന്നോർ, പല്ലാവൂർ ദേവനാരായണൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചു.
തിരുവിതാംകൂർ സഹോദരിമാർ
മലയാള സിനിമയുടെ തിരുവിതാംകൂര്‍ സഹോദരിമാര്‍. നർത്തകിമാരായും അഭിനേത്രിമാരായും മികവ് തെളിയിച്ച ലളിത, പത്മിനി, രാഗിണി എന്ന കലാകാരികൾ. മൂവർസംഘത്തിലെ മുതിർന്ന സഹോദരി ലളിത, തമിഴ് ചിത്രമായ ആദിത്യൻ കനവിൽ തുടക്കം കുറിച്ചു. തുടർന്ന്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250ലധികം ചിത്രങ്ങളുടെ സാന്നിധ്യമായിരുന്ന പത്‌മിനി, മേരാ നാം ജോക്കർ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 40 വർഷം സിനിമാരംഗത്ത് സജീവമായിരുന്ന നടിയുടെ അവസാന ചലച്ചിത്രം ഡോളർ ആയിരുന്നു.
തിരുവിതാംകൂർ സഹോദരിമാരിൽ ഇളയവളായിരുന്ന രാഗിണി, 1950കളുടെ മധ്യത്തോടെ സിനിമയിലെത്തി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ലളിത, പത്മിനി, രാഗിണിയുടെ സഹോദര പുത്രിയാണ് നടി ശോഭന.
കലാരഞ്‌ജിനി- കൽപന- ഉർവശി
സിനിമയിൽ വ്യക്തമായ സ്ഥാനം കണ്ടെത്തിയ സഹോദരി ത്രയങ്ങൾ- കലാരഞ്‌ജിനി, കൽപന, ഉർവശി.
1980കൾ മുതൽ കലാരഞ്ജിനി സിനിമയിൽ സജീവമായി. കമൽ ഹാസൻ, സറീന വഹാബ്, ജയൻ എന്നിവർ അഭിനയിച്ച മദനോത്സവത്തിൽ ബാലതാരമായി വന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായും അമ്മ വേഷങ്ങളും ചെയ്‌തു. അഭിനേത്രിക്ക് പുറമെ ഒരു നർത്തകി കൂടിയാണ് കലാരഞ്‌ജിനി.
കലാരഞ്‌ജിനിയുടെ സഹോദരി കൽപന മലയാളസിനിമയുടെ ഹാസ്യരാജ്ഞിയായാണ് അറിയപ്പെടുന്നത്. നാല് വർഷങ്ങൾക്ക് മുമ്പ് കൽപന ജീവിതത്തിൽ നിന്ന് വിടവാങ്ങിയെങ്കിലും ഹാസ്യറോളിലും സഹനടിയായും നായികയായുമൊക്കെ അവർ ഗംഭീരമാക്കിയ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരവും കൽപന സ്വന്തമാക്കിയിട്ടുണ്ട്.
കാലം അഭിനയത്തിന് തടയണയാകില്ലെന്ന് തെളിയിക്കുകയാണ് ഉർവശിയിലൂടെ. നായികയാവട്ടെ, സഹനടിയാവട്ടെ, അമ്മയാവട്ടെ, ഹാസ്യകഥാപാത്രമാവട്ടെ... ഏത് വേഷവും ഉർവശിയിൽ ഭദ്രം. 1980ൽ അഭിനയിച്ചു തുടങ്ങിയ ഉർവശി, കെ. ഭാഗ്യരാജ് സംവിധാനം ചെയ്‌ത മുന്താണി മുടിച്ചാച്ച് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്, എതിർപ്പുകൾ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലും എത്തി. അച്ചുവിന്‍റെ അമ്മയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. നടിക്കും സഹനടിക്കുമായി നിരവധി ചിത്രങ്ങളിലൂടെ സംസ്ഥാന പുരസ്‌കാര ജേതാവായ ഉർവശി സൂരരൈ പോട്ര്, മൂക്കുത്തി അമ്മാൻ എന്നീ തമിഴ് സിനിമകളിലാണ് അടുത്തിടെ അഭിനയിച്ചത്.
ശാലിനി- ശ്യാമിലി
എന്‍റെ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി വർഷങ്ങൾക്ക് ശേഷം മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ ശാലിനി. കേരളക്കരയുടെ സ്വന്തം മാളൂട്ടിയായി എത്തിയ ശ്യാമിലിയെയും ആരും മറക്കില്ല.
ഫാസിൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയത്തിൽ പ്രവേശിച്ച ശാലിനിയെ നീണ്ട ഇടവേളക്ക് ശേഷം നായികയായി സിനിമക്ക് പരിചയപ്പെടുത്തിയതും സംവിധായകൻ ഫാസിൽ തന്നെയായിരുന്നു. അനിയത്തിപ്രാവിലൂടെ വെളളിത്തിരയിൽ തിരിച്ചെത്തിയ ശാലിനി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ പിന്നീട് തെന്നിന്ത്യയുടെ തന്നെ പ്രിയങ്കരിയായി വളർന്നു. എന്നാൽ, വിവാഹത്തിന് ശേഷം നടി അഭിനയജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്നു.
ചിരിപ്പിച്ചും കരയിപ്പിച്ചും മലയാളിഹൃദയത്തിൽ ഇടംപിടിച്ച നിഷ്‌കളങ്കതയുടെ മുഖം ശ്യാമിലി, ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ഭാഗമായി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ ശ്യാമിലി തെലുങ്ക് ചിത്രങ്ങളിലും കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
മീരാ ജാസ്‌മിൻ- ജെനി സൂസൻ ജോസഫ്
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി മീരാ ജാസ്‌മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെയാണ് മീരാ ജാസ്മിൻ വെള്ളിത്തിരയിൽ എത്തിയത്. ജാസ്മിൻ മേരി ജോസഫ് എന്നാണ് യഥാർഥ പേര്. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം കരസ്ഥമാക്കിയിട്ടുണ്ട്.
മീരാ ജാസ്‌മിന്‍റെ മൂത്ത സഹോദരി ജെനി സൂസൻ ജോസഫും ഒരു ചലച്ചിത്ര നടിയാണ്. സഹോദരിയെ പോലെ സിനിമാരംഗത്ത് വലിയ രീതിയിൽ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും മലയാളം, തമിഴ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. കലാഭവൻ മണിയുടെ നായികയായി രാവണൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട്, ആടാത്ത ആട്ടമെല്ലാം എന്ന തമിഴ് ചിത്രത്തിൽ ഭാഗമായി. ഗോൾ, ക്ലാസ്‌മേറ്റ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ദിവ്യ ഉണ്ണി- വിദ്യ ഉണ്ണി
മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷാചിത്രങ്ങളിലെ പ്രമുഖ നടിയായിരുന്നു ദിവ്യ ഉണ്ണി. മലയാളത്തിനും അവിസ്‌മരണീയമായ കുറേ കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഒരു മികച്ച ക്ലാസിക്കൽ നർത്തകി കൂടിയാണ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നടി കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ ആദ്യമായി നായികയായി. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പവും ഭരതൻ, ഐ.വി. ശശി, സിബി മലയിൽ, ലോഹിതദാസ് എന്നീ ഇതിഹാസ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. വിവാഹത്തിന് ശേഷം സിനിമാഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് സജീവമാണ് താരം.
ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണിയും സിനിമാ താരമാണ്. എന്നാൽ, ജ്യേഷ്‌ഠത്തിയെ പോലെ നടി അത്രയും തിളങ്ങിയിട്ടില്ല. ഡോ. ലൗ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ വിദ്യ, 3G തേർഡ് ജനറേഷൻ എന്ന സിനിമയിലും ഭാഗമായി. പിന്നീട്, ടെലിവിഷൻ അവതാരകയായും നർത്തകിയായും മലയാളിപ്രേക്ഷകർക്ക് മുൻപിൽ വിദ്യാ ഉണ്ണി എത്തിയിട്ടുണ്ട്.
കാര്‍ത്തിക നായര്‍- തുളസി നായര്‍
പ്രശസ്ത തെന്നിന്ത്യന്‍ നടി രാധയുടെ മക്കൾ കാര്‍ത്തികയും തുളസിയും. മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ മലയാള ചിത്രങ്ങളിലൂടെയും കോ എന്ന തമിഴ് ചിത്രത്തിലൂടെയും ശ്രദ്ധേയയായി. മലയാളത്തിനും തമിഴിനും പുറമെ, തെലുങ്ക്, കന്നട ചിത്രങ്ങളിലും കാർത്തിക ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.
കാര്‍ത്തികയുടെ സഹോദരി തുളസി നായർ 2013ലെ മണിരത്‌നം ചിത്രം കടലിലെ നായികയായാണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട്, യാൻ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.
അഹാന കൃഷ്ണ- ഇഷാനി കൃഷ്ണ- ഹൻസിക കൃഷ്ണ
മലയാളിയുടെ പ്രിയപ്പെട്ട നടൻ കൃഷ്ണകുമാറിന്‍റെ നാല് പെൺമക്കളും നവമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാണ്. 2014ൽ രാജീവ് രവി സംവിധാനം ചെയ്‌ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ നായികയായും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായകന്‍റെ സഹോദരിയായും വേഷമിട്ട് അഹാന ശ്രദ്ധ നേടി.
അഹാനക്ക് പിന്നാലെ ഏറ്റവും ഇളയ സഹോദരി ഹൻസികയും ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 2019ൽ റിലീസിനെത്തിയ ടൊവിനോ ചിത്രം ലൂക്കയിൽ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന വണ്‍ എന്ന ചിത്രത്തിലൂടെ ഇഷാനി കൃഷ്‌ണയും സിനിമയിൽ വരവറിയിക്കുകയാണ്.
ശ്രുതി ലക്ഷ്‌മി- ശ്രീലയ
നർത്തകിയും സിനിമാ- ടിവി താരവുമായ ശ്രുതി ലക്ഷ്‌മി ദിലീപ് ചിത്രം റോമിയോ, ഭാര്യ സ്വന്തം സുഹൃത്ത്, പത്തേമാരി, സ്വന്തം ഭാര്യ സിന്ദാബാദ്, ലവ് ഇൻ സിങ്കപ്പൂർ, കോളേജ് കുമാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വർണ്ണക്കാഴ്ച്കൾ, സ്വയംവര പന്തൽ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായാണ് ശ്രുതിയുടെ തുടക്കം. ശ്രുതി ജോസ് എന്നാണ് യഥാർഥ പേര്.
ശ്രുതി ലക്ഷ്‌മിയുടെ മൂത്ത സഹോദരി ശ്രീലയ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മൂന്നുമണി എന്ന പരമ്പരയിലെ കുട്ടിമണിയിലൂടെ ശ്രദ്ധേയയായ താരം ഗിന്നസ് പക്രു സംവിധാനം ചെയ്‌ത കുട്ടീം കോലും ചിത്രത്തിലും മാണിക്യം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
കാജൽ അഗർവാൾ- നിഷ അഗർവാൾ
തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയും അല്ലു അർജുൻ, രാം ചരൺ മൊഴിമാറ്റ ചിത്രങ്ങളിലൂടെയും കേരളത്തിനും പ്രിയപ്പെട്ട നടിയായി മാറി. ദക്ഷിണേന്ത്യൻ സിനിമയിൽ തന്നെ തിരക്കേറിയ താരമായി മാറിയ കാജൽ ക്യൂൻ..! ഹോ ഗയാ നാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
കാജലിന്‍റെ ഇളയ സഹോദരി നിഷ അഗർവാൾ, കസിൻസ്, ഭയ്യാ ഭയ്യാ എന്നീ മലയാള ചിത്രങ്ങളിൽ ചാക്കോച്ചന്‍റെ നായികയായി അഭിനയിച്ചു. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ഇടംപിടിച്ചു.
നിക്കി ഗല്‍റാണി-സഞ്ജനാ ഗല്‍റാണി
1983, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നിക്കി ഗൽറാണി തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ മനസിൽ സ്ഥാനം കണ്ടെത്തി. നടിയുടെ സഹോദരി സഞ്‌ജനാ ഗൽറാണിയാവട്ടെ, തമിഴ്,തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ പ്രമുഖ താരമാണ്. കൂടാതെ, മോഡലിങ്ങിലും ഇവർ പ്രശസ്‌തയാണ്.
വിദ്യ-വൃന്ദ
കബഡി പ്രേമികളുടെ ശ്രദ്ധയാകർഷിച്ച വിദ്യ-വൃന്ദ എന്ന ഇരട്ട സഹോദരിമാരും ഭാരതിരാജയും ശശികുമാറും കേന്ദ്രവേഷങ്ങളിലെത്തിയ 'കെന്നഡി ക്ലബ്' എന്ന തമിഴ് ചിത്രത്തിൽ മുഴുനീള വേഷങ്ങൾ ചെയ്‌തിരുന്നു. മലയാളത്തിൽ അല്ലെങ്കിലും തമിഴ് ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച് ഇരുവരും മലയാളിക്ക് അഭിമാനമായി.
ജീവിതത്തിലെ പോലെ കബഡിയോടുള്ള അഭിനിവേശം വെള്ളിത്തിരയിലേക്കും പകർത്തിവക്കുന്നതിൽ കൊല്ലം സ്വദേശികളായ വിദ്യക്കും വൃന്ദക്കും സാധിച്ചു.