കോൺഗ്രസും ബിജെപിയും ഇന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ കേരളം സമ്പൂർണമായി തെരഞ്ഞെടുപ്പ് ചൂടിലേക്ക് വീഴുകയാണ്. സിപിഎം സ്ഥാനാർഥി പട്ടികയില്‍ നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷ് മത്സരിക്കുമെന്ന് ഉറപ്പായതോടെ ബിജെപിയിലും കോൺഗ്രസിലും ആരെല്ലാമായിരിക്കും താരങ്ങൾ എന്ന ചോദ്യം ഉയർന്നിരുന്നു. ഒരു പടി മുന്നേ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയേയും നടൻ കൃഷ്ണകുമാറിനേയും ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചതോടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് താരപ്രഭയില്‍ തിളങ്ങുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി ഇത്തവണ തൃശൂർ നിയമസഭാ സീറ്റിലാണ് ജനവിധി തേടുന്നത്. നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സീറ്റിലാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബിജെപിയും സിപിഎമ്മും താരങ്ങളെ ഇറക്കിയപ്പോൾ കോൺഗ്രസും സിനിമാ രംഗത്ത് നിന്ന് ഒരാളെ സ്ഥാനാർഥിയാക്കി. ബാലുശേരി മണ്ഡലത്തില്‍ ധർമജൻ ബോൾഗാട്ടിയെ സ്ഥാനാർഥിയാക്കിയാണ് കോൺഗ്രസ് സ്ഥാനാർഥിപട്ടികയില്‍ താര പ്രഭാവം നിറച്ചത്. പത്തനാപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയാകുന്ന കേരള കോൺഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാർ ദീർഘകാലമായി എംഎല്‍എയും സിനിമാ താരവുമാണ്.