2020ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ രാജ്യത്തൊട്ടാകെ ശ്രദ്ധനേടുകയും ചര്‍ച്ചയാവുകയും ചെയ്‌ത സുധ കൊങര ചിത്രം സൂരരൈ പോട്രിന് ശേഷം സൂര്യ അഭിനയിക്കുന്ന തമിഴ് ആന്തോളജിയാണ് നവരസ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉപജീവനമാർഗം നഷ്ടമായ തമിഴ് സിനിമ മേഖലയിലെ ജീവനക്കാരെ സഹായിക്കാന്‍ സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് ഈ ആന്തോളജി സിനിമ നിര്‍മിക്കുന്നത്. ഇരുവരും ചേർന്ന് നിർമിക്കുന്ന ആന്തോളജി സിനിമയിൽ നവരസങ്ങളെ അടിസ്ഥാനമാക്കി കഥ പറയുന്ന ഒമ്പത് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് ഒമ്പത് സംവിധായകരാണ്. ചിത്രം നെറ്റ്ഫ്ലിക്‌സ് പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുക. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആന്തോളജിയില്‍ സൂര്യയുടെ നായികയായി യുവ നടി പ്രയാഗ മാര്‍ട്ടിന്‍ അഭിനയിക്കും. എന്നാല്‍ വാര്‍ത്തയില്‍ സ്ഥിരീകരണമൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ഗൗതം മേനോനാണ് ആന്തോളജിയിലെ സൂര്യ കേന്ദ്രകഥാപാത്രമാകുന്ന ചെറു സിനിമ സംവിധാനം ചെയ്യുന്നത്.
സംവിധായകരായ കെ വി ആനന്ദ്, ഗൗതം വാസുദേവ് മേനോന്‍, ബിജോയ് നമ്ബ്യാര്‍, പൊന്‍റാം, കാര്‍ത്തിക് സുബ്ബരാജ്, ഹലിത ഷമീം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് നവരസയുടെ കഥകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന് ഒരു പ്രതിഫലവും സ്വീകരിക്കില്ല. സൂര്യയ്‌ക്ക് പുറമെ രേവതി, പ്രസന്ന, നിത്യ മേനന്‍, പാര്‍വതി, സിദ്ധാര്‍ത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, സിംഹ, പൂര്‍ണ, അശോക് സെല്‍വന്‍, ഐശ്വര്യ രാജേഷ് എന്നിവരും ആന്തോളജിയില്‍ അഭിനയിക്കും.
പട്ട്കോട്ടൈ പ്രഭാകർ, ശെൽവ, മധൻ കാർക്കി, സൊമീധരൺ എന്നിവരാണ് കഥകളുടെ രചന നിർവഹിക്കുന്നത്. പ്രമുഖ സംഗീത സംവിധായകരായ എ.ആർ റഹ്മാൻ, ഡി.ഇമ്മൻ, ജിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൻ ഏദൻ യോഹൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരഹംസ, അഭിനന്ദൻ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹർഷവീർ ഒബ്രോയ്, സുജിത് സാരംഗ്, വി ബാബു, വിരാജ് സിങ് എന്നിവരാണ് ഛായാഗ്രാഹകർ.