ഗപ്പിയിലൂടെ ബാലതാരമായി തുടങ്ങിയ നന്ദന വർമ വാങ്ക്, അഞ്ചാം പാതിര ചിത്രത്തിലൂടെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും ഇതിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മോശം കമന്‍റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും നന്ദന വര്‍മ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം നടി പങ്കുവച്ചത്.
"എന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാനിപ്പോഴാണത് അറിഞ്ഞത്. എന്‍റെ എഫ്ബി പേജില്‍ നിന്നും വന്ന കമന്‍റുകളും പോസ്റ്റും ഞാന്‍ ചെയ്തതല്ല. ഒരുപാട് കോളുകളും മെസേജുകളുമാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. എന്‍റെ അക്കൗണ്ടില്‍ നിന്നുമുള്ള മെസേജുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഇത് ഞാനോ എന്‍റെ ടീമോ അല്ല ചെയ്തിരിക്കുന്നത്. എന്‍റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ആ സംഭവത്തിന് ശേഷമാണ് ഞാൻ ഇത് തിരിച്ചറിഞ്ഞത്," എന്ന് നന്ദന ഇൻസ്റ്റഗ്രം സ്റ്റോറിയിൽ കുറിച്ചു.
നടി സാനിയ ഇയ്യപ്പന്‍റെ ജന്മദിനത്തിൽ വന്ന പോസ്റ്റിൽ നന്ദന സാനിയയെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്‍റ് ചെയ്തുവെന്ന് ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ്, തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം നന്ദന വർമ അറിയിച്ചത്.