ചെന്നൈ: സംരക്ഷിത വനഭൂമിയായ 40 ഏക്കർ ചതുപ്പുനിലം വാങ്ങിയ കേസിൽ നടൻ മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും കുടുംബത്തിനും മദ്രാസ് ഹൈക്കോടതിയുടെ താത്കാലിക പരിരക്ഷ. ചെങ്കൽപ്പേട്ട് കറുഗുഴിപ്പാലത്തിൽ ഇവരുടെ പേരിലുള്ള 40 ഏക്കർ ഭൂമി പിടിച്ചെടുക്കാനുള്ള ലാന്‍ഡ് അഡ്‌മിനിസ്‌ട്രേഷന്‍ കമ്മിഷൻ (സിഎൽഎ)യുടെ നീക്കത്തിനെയാണ് കോടതി തടഞ്ഞത്.
പുറമ്പോക്ക് ഭൂമിയായി ചെങ്കൽപേട്ടിലെ മുഴുവൻ ഭൂമിയും കണക്കാക്കാനും 1882ലെ തമിഴ്‌നാട് വനം നിയമത്തിലെ സെക്ഷൻ 26 പ്രകാരം ഒരു റിസർവ് വനമായി പ്രഖ്യാപിക്കാനും 2021 മാർച്ച് 16ന് ലാന്‍ഡ് അഡ്‌മിനിസ്‌ട്രേഷന്‍ കമ്മിഷൻ ഉത്തരവിട്ടിരുന്നു.
കോടതി നടപടി ലാന്‍ഡ് അഡ്‌മിനിസ്‌ട്രേഷന്‍ കമ്മിഷന്‍റെ ഉത്തരവിന് എതിരെയുള്ള മമ്മൂട്ടിയുടെ ഹർജിയിൽ
സിഎൽഎയുടെ ഉത്തരവിനെതിരെ മമ്മൂട്ടിയും കുടുംബവും സമര്‍പ്പിച്ച ജോയിന്‍റ് റിട്ട് ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സി.വി കാർത്തികേയനാണ് ഇവർക്കെതിരെ നിർബന്ധിത നീക്കം എടുക്കരുതെന്ന് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഇരുവര്‍ക്കെതിരെയും നടപടിയെടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
'സത്യം പുറത്തുവരട്ടെ. എന്നാല്‍ കോടതി ഉത്തരവുണ്ടാകുന്നത് വരെ മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ യാതൊരു നിർബന്ധിത നടപടിയും എടുക്കരുത്,' എന്ന് കോടതി പറഞ്ഞു.
1927 ജൂൺ 14ന് 247 ഏക്കര്‍ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഭൂമിയെന്ന് മമ്മൂട്ടി കോടതിയോട് വ്യക്തമാക്കി. പിന്നീട്, വർഷങ്ങളായി ഭൂമിയുടെ വിൽപ്പനയും കൈമാറ്റവും നടന്നു. ഹൈക്കോടതിയുടെ പ്രതിനിധിയായ ജി. സിരൂർ അടക്കം ഭൂമി വാങ്ങിയിട്ടുണ്ട്.
എന്നാൽ, റവന്യു വകുപ്പിന് കൃത്യമായി പണം അടക്കാത്തതിനാൽ 1933ൽ ഭൂമി ലേലത്തിന് വച്ചു. ലേലത്തിൽ നിന്ന് കുന്നപ്പ നായ്‌ക്കർ വസ്‌തു സ്വന്തമാക്കി. പിന്നീട് പല വ്യക്തികളിലൂടെയും ഭൂമി ഇടപാട് നടന്നുവെന്നും 1997ല്‍ കബാലി പിള്ള എന്നയാളില്‍ നിന്നാണ് താൻ വസ്‌തു വാങ്ങിയതെന്നും മമ്മൂട്ടി ഹർജിയിൽ വിശദീകരിക്കുന്നുണ്ട്.
Also Read: കാൽ വഴുതി വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്; വിദഗ്‌ധ ചികിത്സ ഹൈദരാബാദില്‍
കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കള്‍ ഭൂമി ഇടപാടുകള്‍ റദ്ദ് ചെയ്‌തു. തന്നെയോ കുടുംബത്തെയോ അറിയിക്കാതെയാണ് ഈ നീക്കമെന്നും തുടർന്ന് 2007ൽ കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്‌തുവെന്നും ഹർജിയിൽ പറയുന്നു. ശേഷം വിശദമായ അന്വേഷണത്തിൽ, 2007 മാർച്ച് 21ന് സിഎൽഎ വസ്‌തുവിനെ സ്വകാര്യ ഭൂമിയായി തരംതിരിച്ചു.
എന്നാൽ, 2021 മാർച്ചി, 2007ലെ ഉത്തരവിൽ സ്വമേധയാ പുനഃപരിശോധന നടത്തുകയും, ഭൂമി കഴുവേലി പുറമ്പോക്കാണെന്ന് സിഎൽഎ ഉത്തരവിടുകയുമായിരുന്നു എന്നും മമ്മൂട്ടി കോടതിയെ അറിയിച്ചു.