പ്രശസ്‌ത തമിഴ് സിനിമാഗാനരചയിതാവും കവിയും മുൻ നിയമസഭ ഉപാധ്യക്ഷനുമായ പുലവർ പുലമൈപിത്തൻ അന്തരിച്ചു. 85 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
'തെൻപാണ്ടി ചീമയിലെ', മൗനം സമ്മതം എന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിലെ 'കല്യാണ തേൻനിലാ' തുടങ്ങിയ പ്രശസ്‌ത ഗാനങ്ങൾ എഴുതിയത് പുലമൈപിത്തനാണ്.
ഓഗസ്റ്റ് 31നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്.
എഐഎഡിഎംകെയുടെ പ്രതിനിധിയായി രാഷ്‌ട്രീയരംഗത്തും സജീവസാന്നിധ്യമായിരുന്നു പുലവർ പുലമൈപിത്തൻ. ആയിരത്തിലേറെ ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം തമിഴകത്തെ ആദ്യ സൂപ്പർസ്റ്റാർ എംജിആർ മുതൽ കമൽ ഹാസൻ, രജനികാന്ത്, വിജയ് തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അടിമൈപ്പെണ്ണ്, നായകൻ, പണക്കാരൻ, മിസ്റ്റർ ഭരത്, നന്ദ എന്നിവയാണ് പ്രശസ്‌ത ചിത്രങ്ങൾ.