കൊച്ചി : ആകാംക്ഷ കരുതിവച്ച് 'ലൂസിഫര്‍' ടീം അനൗണ്‍സ് ചെയ്യുമെന്ന് പറഞ്ഞിരുന്നത് 'ലൂസിഫറി'ന്‍റെ തുടര്‍ഭാഗം തന്നെ. 'ലൂസിഫര്‍ 2'വിന്‍റെ പേരും കൊച്ചിയില്‍ മോഹന്‍ലാലിന്‍റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. 'എമ്പുരാന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഈ വർഷത്തെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ്. മോഹന്‍ലാല്‍, മുരളി ഗോപി, ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. സീക്വല്‍ ആണെന്ന് കരുതി ലൂസിഫറില്‍ കണ്ടതിന്‍റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ വന്‍ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു. ആദ്യഭാഗത്തിലെ വൻ വിജയത്തിൽ സന്തോഷവാനാണെന്ന് നടന്‍ മോഹൻലാലും പറഞ്ഞു. 'ലൂസിഫര്‍ ആലോചിക്കുമ്പോള്‍ മലയാളത്തില്‍ 30 കോടി ബജറ്റുള്ള ഒരു ചിത്രം എന്നത് ചിന്തിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ലൂസിഫര്‍ നേടിയ വിജയത്തിന്‍റെ വലിപ്പം മലയാളസിനിമയുടെ വിപണി തന്നെയാണ് വലുതാക്കിയിരിക്കുന്നത്. കുറച്ചുകൂടി വലിയ കാന്‍വാസ് വേണ്ട സിനിമയാണ് ലൂസിഫറിന്‍റെ സീക്വല്‍. ഇത് സാധ്യമാകുന്നത് ലൂസിഫര്‍ വലിയ വിജയം നേടിയതുകൊണ്ടാണെന്നും പൃഥ്വിരാജ് പറഞ്ഞു.
അടുത്തവർഷം ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ വച്ച് നടത്തിയ പ്രഖ്യാപനത്തിൽ നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും പങ്കെടുത്തു. ലൂസിഫർപ്രഖ്യാപനവും ഇവിടെവച്ച് തന്നെയായിരുന്നു നടത്തിയത്.