ഉണ്ടയ്‌ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‌ത ലവ് എന്ന സിനിമ കൊവിഡ് കാലത്താണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവര്‍ നായിക നായകന്മാരായ സിനിമ ടോക്സിക് റിലേഷന്‍ഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ചിത്രം ബ്ലാക്ക് കോമഡി സൈക്കോളജിക്കല്‍ വിഭാഗത്തിലുള്ള സിനിമയായിരുന്നു. ലോക്ക് ഡൗണ്‍ സമയം പാഴാക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സിനിമ ചിത്രീകരിച്ചത്.
വീണാ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരാണ് ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ പത്താമത്തെ ചിത്രം കൂടിയായിരുന്നു ലവ്. ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണിപ്പോള്‍. ഷൈന്‍ ടോം ചാക്കോയുടെ റോളില്‍ വിജയ് സേതുപതിയെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തമിഴിലെ പ്രമുഖ നിർമാണ കമ്പനി ഇത് സംബന്ധിച്ചുള്ള കരാർ ഉറപ്പിച്ച് കഴിഞ്ഞു. തമിഴ് പതിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ ഉണ്ടായേക്കും.