ലോസ് ഏഞ്ചസിലെ ഡോൾബി തിയേറ്റർ മറ്റൊരു അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് വേദിയാകുമ്പോൾ ജെല്ലിക്കെട്ട് എന്ന മലയാള സിനിമയുടെ പേര് അവിടെ പ്രഖ്യാപിക്കപെടുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.... അതിനിയെന്ത് തന്നെയായാലും ഗുരുവിനും ആദാമിന്‍റെ മകൻ അബുവിനും ശേഷം മോളിവുഡിൽ നിന്ന് ഒരു ചിത്രം ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കര്‍ നോമിനേഷനിലേക്ക് ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ അതൊരു അഭിമാന നിമിഷം തന്നെയാണ് എന്ന് പറയാതെ വയ്യ.
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമാണ് എന്നൊരു അപ്രഖ്യാപിത സമവാക്യം നിലനിന്നിടത്ത് നിന്ന് രാജ്യത്തിന്‍റെ തെക്കേയറ്റത്തെ ഒരു ചെറിയ സംസ്ഥാനത്ത് നിന്നും രാജ്യാന്തര നിലവാരമുള്ള സിനിമകൾ സൃഷ്ട്ടിക്കപ്പെടുന്നു എന്നതും അതിൽ നിന്നും ചിലതെങ്കിലും അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നു എന്നതും തീർച്ചയായും ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.... ഒരു വർഷത്തിൽ ശരാശരി നൂറ് സിനിമകൾ വരെ റിലീസ് ചെയ്യപെടുന്ന മലയാള സിനിമ മേഖലയില്‍ നിന്നും 1997ൽ ഗുരു ഓസ്‌കര്‍ നോമിനേഷൻ നേടിയ ശേഷം പതിനഞ്ചുവർഷക്കാലം കാത്തിരുന്നിട്ടാണ് ആദാമിന്‍റെ മകൻ അബു ആ ലിസ്റ്റിൽ ഇടം നേടിയത്. ഈ രണ്ട് ചിത്രങ്ങളും നോമിനേഷനിൽ മാത്രം ഒതുങ്ങി. എട്ടുവർഷത്തിന് ശേഷം മറ്റൊരു മലയാള സിനിമ വീണ്ടും ആ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇന്‍റർനാഷണൽ വേദികളിൽ ഇതിനോടകം തന്നെ പ്രദർശിപ്പിക്കപ്പെടുകയും നിരവധി അവാർഡുകളും പ്രശംസകളും ഏറ്റുവാങ്ങുകയും ചെയ്‌ത സിനിമയെന്ന നിലയിൽ ജെല്ലിക്കെട്ട് ഓസ്‌കര്‍ നോമിനേഷൻ ലിസ്റ്റില്‍ ഇടംപിടിക്കുമ്പോള്‍ ആ സിനിമയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന മനുഷ്യനും ചെറുതല്ലാത്ത പ്രതീക്ഷകൾ തരുന്നുണ്ട്.
ജെല്ലിക്കെട്ടിന് ഓസ്‌കര്‍ എന്‍ട്രി ലഭിച്ചത് ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ സിനിമകളെ പിന്നിലാക്കിയാണ്. അഭിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും അഭിനയിച്ച ഗുലാബോ സിതാബോ, പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദി സ്കൈ ഈസ് പിങ്ക്, ദീപിക പദുക്കോണിന്‍റെ ചാപക്, നവാസുദ്ദിന്‍ സിദ്ദിഖിയുടെ സീരിയസ് മെന്‍, ജാന്‍വി കപൂറിന്‍റെ ഗുഞ്ചന്‍ സക്‌സേന എന്നിവയായിരുന്നു ഓസ്‌കര്‍ എന്‍റ്റിക്ക് വേണ്ടി മത്സരിച്ച മറ്റ് സൂപ്പര്‍താര സിനിമകള്‍.
27 സിനിമകളില്‍ നിന്നുമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍.ജയകുമാറാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ജെല്ലിക്കെട്ട് മത്സരിക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ ഒരു ഓസ്‌കര്‍ ഇങ്ങ് കേരളത്തിലോട്ട് വരും.... കാത്തിരിക്കാം...