എല്ലാവരുടെയും പ്രിയപ്പെട്ട ബാലേട്ടൻ. റിച്ചാർഡ് ആറ്റൻബറോ എന്ന വിഖ്യാത സംവിധായകൻ 1982ൽ നിർമിച്ച ഗാന്ധി എന്ന ചിത്രത്തിൽ ആൾക്കൂട്ടത്തിനിടയിൽ അയാളെ ഒരുപക്ഷേ ആരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. അന്ന് ഉറുമ്പുകളെ പോലെ നടന്നുനീങ്ങുന്ന കുറേ മനുഷ്യർക്കിടയിൽ ഒരാളായിരുന്നു അദ്ദേഹം. സ്കൂൾ ഓഫ് ഡ്രാമയുടെ ഒരു ക്യാംപിൽ പങ്കെടുക്കാൻ ഹരിയാനയിൽ എത്തിയപ്പോഴാണ് തൊട്ടടുത്ത് ആറ്റൻബറോയുടെ സിനിമാഷൂട്ടിങ് നടക്കുന്നുവെന്ന് അറിഞ്ഞത്. ഉടനെ ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം ലൊക്കേഷനിലേക്ക് ചെന്നു. ഇന്ത്യാവിഭജനത്തിന് ശേഷമുള്ള അഭയാർഥികളിലൊരാളായി ബാലചന്ദ്രനും അഭിനയിച്ചു. ആരുമറിയാത്ത സാന്നിധ്യമായിരുന്നു അതെങ്കിലും അഭിനയമോഹിയായ പി ബാലചന്ദ്രന് ചരിത്ര സിനിമയുടെ ഭാഗമായതിലെ ചാരുതാർഥ്യമുണ്ടായിരുന്നു.

കോളജ് പഠനകാലത്ത് നാടകങ്ങളിൽ കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം അഭിനയിച്ചാണ് പി. ബാലചന്ദ്രൻ കലാരംഗത്ത് തുടക്കം കുറിച്ചത്. അത് പിന്നീട്, നാടകങ്ങൾക്കും സിനിമയ്ക്കുമൊക്കെ കഥയെഴുതാനും അദ്ദേഹത്തിന് പ്രചോദനമായി. പെൺകഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലചന്ദ്രൻ കോളജ് നാടകങ്ങളിലെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബിഎഡ് ബിരുദവും ഒപ്പം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക- തിയേറ്റർ കലയിൽ ബിരുദവുമെടുത്തു. 1972ൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളജ് തലമത്സരത്തിൽ താമസി എന്ന നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയിരുന്നു. പിന്നീട്, സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചുകാലം അധ്യാപകനുമായി.

മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം എന്ന് തുടങ്ങി നിരവധി നാടകങ്ങൾ എഴുതി. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.
1989ലെ പാവം ഉസ്മാൻ എന്ന നാടകത്തിലൂടെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്. പ്രതിരൂപങ്ങളിലൂടെ കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രൻ കരസ്ഥമാക്കിയിട്ടുണ്ട്.
ഹൗസ്ഫുൾ എന്ന മമ്മൂട്ടി ചിത്രത്തിനായും ടി.കെ രാജീവ് കുമാറിന്‍റെ ചിത്രത്തിലേക്കും തിരക്കഥ എഴുതാൻ ക്ഷണം ലഭിച്ചെങ്കിലും രണ്ട് ചിത്രങ്ങളും മുടങ്ങി. അങ്ങനെ സിനിമക്ക് കഥയെഴുതാനുള്ള ശ്രമം പിന്നീട് അദ്ദേഹത്തിനൊരു വാശിയായി. ഭദ്രന്‍റെ അങ്കിൾ ബൺ എന്ന സിനിമയുടെ കഥയിലേക്കുള്ള വരവ് അതിന്‍റെ പ്രതിഫലനമായിരുന്നു. മലയാളി മറക്കാത്ത ചേട്ടച്ഛന്‍റെയും മീനാക്ഷിയുടെയും സൃഷ്ടാവ് പി ബാലചന്ദ്രനാണ്. പവിത്രം കൂടാതെ, ഉള്ളടക്കം, തച്ചോളി വർഗീസ് ചേകവർ, പുനരധിവാസം, അഗ്നിദേവൻ, മാനസം, പൊലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. പുനരധിവാസം എന്ന ചിത്രത്തിന്‍റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡിനും അർഹനായി.

എഴുത്തിലേക്ക് മാത്രമൊതുങ്ങാതെ സിനിമാഭിനയത്തിലേക്ക് കടന്നുവന്നപ്പോൾ നല്ല ഒന്നാന്തരം നടനാണെന്നും അദ്ദേഹം തെളിയിച്ചു. ചെറിയ വേഷങ്ങളിലൂടെ പതിയെ തുടങ്ങി പിന്നീട് മലയാളസിനിമയുടെ അവിഭാജ്യമായി മാറിയ പ്രതിഭ. അതിഭാവുകത്വത്തിന്‍റെ കെട്ടുകാഴ്ചകളില്ലാതെ തന്മയത്വത്തോടെ അഭിനയ രസതന്ത്രത്തിന്‍റെ പ്രയോക്താവാവുകയായിരുന്നു അദ്ദേഹം. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, മോസയിലെ കുതിരമീനുകൾ തുടങ്ങിയ ചിത്രങ്ങളിൽ ബാലചന്ദ്രന് നിർണായക വേഷമായിരുന്നു.
അഭിനയത്തിൽ മേമ്പൊടി ചേർക്കാതെ ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കിയതിനാൽ തന്നെ മലയാളസിനിമ അതിന്‍റെ മാറ്റത്തിനൊപ്പം തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാവായുമൊക്കെ പി ബാലചന്ദ്രനെയും കൂടെകൂട്ടി. ട്രിവാൻഡം ലോഡ്ജ് ന്യൂ ജനറേഷൻ സിനിമയുടെ ഭാഗമായപ്പോൾ ചിത്രത്തിലെ കോരയും ശ്രദ്ധിക്കപ്പെട്ടു. അമ്പതോളം സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മണ്ണിനോട് തൊട്ടുനിൽക്കുന്ന കഥാപാത്രങ്ങളിലൂടെ, അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കമ്മട്ടിപ്പാടം രൂപപ്പെടുത്തിയതും പി ബാലചന്ദ്രൻ എന്ന കഥാകാരനായിരുന്നു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ പ്രണയവും ജീവിതവും സമന്വയിപ്പിച്ച് സിനിമാവിഷ്കാരമൊരുക്കിയിട്ടുണ്ട്. 2012ൽ ഇവൻ മേഘരൂപൻ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതിന്‍റെ തിരക്കഥ ഒരുക്കിയതും പി. ബാലചന്ദ്രനാണ്. ടൊവിനോ നായകനായ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്. അടുത്തിടെ ഇറങ്ങിയ ഓപ്പറേഷൻ ജാവയില്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ദുൽഖർ നായകനാകുന്ന കുറുപ്പിലും അദ്ദേഹം നിർണായകവേഷം ചെയ്തിരുന്നുവെന്നാണ് വിവരം.

അന്ന് നടക്കാതെ പോയ മമ്മൂട്ടി സിനിമ... പിന്നീട് വൺ എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാറിനെതിരെ നിന്ന പ്രതിപക്ഷ എംഎൽഎയെ അവതരിപ്പിച്ചാണ് പി ബാലചന്ദ്രൻ വിടവാങ്ങിയത്. അസാധ്യമെന്നൊന്നില്ല.... ശാസ്‌താംകോട്ടയിലെ ഗ്രാമപ്രദേശത്ത് ജനിച്ചുവളർന്ന പി ബാലചന്ദ്രൻ സിനിമയുടെ നാനാഭാഗങ്ങളിൽ പ്രാവിണ്യം തെളിയിച്ചു. കാലം വളരുമ്പോൾ കാഴ്ചക്കാരന്‍റെ അഭിരുചിക്ക് അനുസരിച്ച് അഭിനയത്തെയും എഴുത്തിനെയും ചീകിമിനുക്കിയ ബാലേട്ടനായി ഇനിയും കുറേയേറെ സിനിമകൾ ഇവിടെ പിറവിയെടുക്കുമായിരുന്നു. സിനിമയെ അടുത്തറിഞ്ഞ കലാകാരനെ മലയാളസിനിമ അടുത്തറിയുന്നതിന് മുമ്പേ അദ്ദേഹം കൺമറഞ്ഞു...