താരാരാധനയുടെ നാട്ടിൽ സംവിധായകന്‍റെ പേര് സ്ക്രീനിൽ തെളിഞ്ഞുവരുമ്പോൾ ആർപ്പുവിളികളും ആരവങ്ങളുമുയരുന്നു. റിലീസ് കഴിഞ്ഞ് അമ്പതോ നൂറോ ദിവസം കഴിഞ്ഞാലും തിയേറ്ററുകളിലേക്ക് ആളുകൾ തിങ്ങിക്കയറുന്നു. ഇങ്ങ് തമിഴ്നാട്ടിൽ മാത്രമല്ല, അങ്ങ് വടക്കേ ഇന്ത്യയിലും പ്രത്യേകിച്ച് ബോളിവുഡിൽ പോലും അതിന്‍റെ പ്രഭാവം തെളിഞ്ഞുകാണാമായിരുന്നു. അങ്ങനെ ദക്ഷിണേന്ത്യൻ സിനിമയ്ക്കും ഉത്തരേന്ത്യൻ സിനിമയ്ക്കും കുറുകെ ഉണ്ടായിരുന്ന ആ മേൽപ്പാലം ഉടച്ച് നീക്കുകയായിരുന്നു ആ സംവിധായകൻ.
അഭിനേതാക്കളുടെ കണ്ണുകളിലെ ചലനങ്ങളിലൂടെ പോലും കഥാപാത്രത്തെ കണ്ടെത്തി രൂപപ്പെടുത്താൻ ഒരു സംവിധായകനാകുമെന്നത് മണിരത്നം തന്‍റെ ചിത്രങ്ങളിലൂടെ കാണിച്ചുതന്നു. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ചിത്രങ്ങളിലും ബോളിവുഡിലും പ്രണയം പാകി വസന്തം നിറച്ച മണിരത്‌നം സാമൂഹിക- രാഷ്ട്രീയ സിനിമകൾ ഒരുക്കുന്നതിലും വിജയിച്ചു.
മണിരത്നത്തിന്‍റെ പ്രധാന പത്ത് ചിത്രങ്ങൾ
മൗനരാഗം
മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മണിരത്നത്തിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് മൗനരാഗം. രേവതിയും മോഹനും കാർത്തിക്കും പ്രധാന താരങ്ങളായ ചിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വൈകാരികമായ അന്തരവും തുടർന്നുള്ള ജീവിതവുമാണ് മനോഹരമായി പകർത്തിവച്ചിരിക്കുന്നത്.
നായകൻ
ഗോഡ് ഫാദർ എന്ന വിഖ്യാത ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തമിഴിൽ ഒരുക്കിയ നായകനിൽ കമൽ ഹാസനും കാർത്തികയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായത്. ബോക്സ് ഓഫിസ് ഹിറ്റ് ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു. ഹിന്ദിയിലേക്ക് വിനോദ് ഖന്നയെ നായകനാക്കി ദയാവൻ എന്ന പേരിൽ ചിത്രം നിർമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല.
2005ൽ എക്കാലത്തെയും മികച്ച 100 ചിത്രങ്ങളിൽ ഒന്നായി ടൈം മാഗസിൻ നായകനെ തെരഞ്ഞെടുത്തിട്ടുണ്ട്. ചിത്രത്തിലൂടെ കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ദളപതി
മണിരത്നം എന്ന സംവിധായകന്‍റെ ഉള്ളടക്കവും പരപ്പും വ്യക്തമാക്കുന്ന ചിത്രമാണ് ദളപതി. മലയാളത്തിലെയും തമിഴിലെയും സൂപ്പർതാരങ്ങൾ, മമ്മൂട്ടി- രജനികാന്ത് എന്നിവരെ ഒരുമിച്ച് തന്‍റെ ചിത്രത്തിലേക്ക് കൊണ്ടുവന്ന് ഉറ്റതോഴരുടെ കഥ പറഞ്ഞ ക്ലാസിക് ചിത്രം. മഹാഭാരതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കഥ. ദുര്യോധനന്‍റെയും കർണന്‍റെയും ബന്ധത്തിലൂടെയാണ് സൂര്യയെയും ദേവരാജിനെയും മണിരത്നം രൂപപ്പെടുത്തിയത്.
അഞ്ജലി
മൂന്ന് ദേശീയ അവാർഡുകൾ... തമിഴിന് പുറമെ ഹിന്ദി, തെലുങ്കിലും പുറത്തിറങ്ങിയ അഞ്ജലി 90കളിൽ നിർമിച്ച ഏറ്റവും മികച്ച കുട്ടികൾക്കുള്ള ചിത്രമാണ്. രേവതിയും രഘുവരനുമായിരുന്നു പ്രധാന അഭിനേതാക്കൾ.
റോജ
മനോഹരമായ ഒരു പ്രണയകാവ്യത്തിലേക്ക് രാഷ്ട്രീയവും ഭീകരതയും കടന്നുകയറി കീറിമുറിക്കുകയായിരുന്നു. അരവിന്ദ് സ്വാമിയും മധുബാലയും മുഖ്യകഥാപാത്രങ്ങളായ എവർഗ്രീൻ റൊമാന്‍റിക് ഹിറ്റിലൂടെ എ.ആർ റഹ്മാൻ എന്ന മറ്റൊരു പ്രതിഭ കൂടി ഇന്ത്യൻ ചലച്ചിത്രത്തിലേക്ക് പടർന്നുകയറി. കഥയിലും അവതരണത്തിലും മികവ് പുലർത്തിയ റോജ ആ വർഷത്തെ മികച്ച സംഗീത സംവിധായകനും മികച്ച ഗാനരചയിതാവിനും മികച്ച ചിത്രത്തിനുമുള്ള ദേശീയ അവാർഡ് സ്വന്തമാക്കി.
ബോംബെ
മുസ്‌ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം മാത്രമായിരുന്നില്ല മണിരത്നത്തിന്‍റെ ബോംബെയിൽ ഉണ്ടായിരുന്നത്. ഹിന്ദു-മുസ്ലീം കലാപത്തിന്‍റെ ഭീകരതയെ തുറന്നുകാട്ടിയ ചിത്രം മികച്ച എഡിറ്റിങ്ങിനും ദേശീയ ഐക്യം കാണിച്ച മികച്ച ചിത്രത്തിനുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും ജോഡിയായെത്തിയ ക്ലാസിക് ചിത്രത്തിൽ എ.ആർ റഹ്മാന്‍റെ സംഗീതവും മറ്റൊരു മുതൽക്കൂട്ടായിരുന്നു.
More Read: പ്രണയം പറഞ്ഞ കഥാകാരൻ; മണിരത്‌നത്തിന് ഇന്ന് 64-ാം പിറന്നാൾ
ഇരുവർ
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമയാണ് ഇരുവർ. മോഹൻലാൽ, ഐശ്വര്യറായ്, പ്രകാശ് രാജ്, ഗൗതമി, തബു എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന ചിത്രം. ഇരുവർ പോലെ തമിഴകത്തെ രാഷ്‌ട്രീയം വിശദീകരിച്ച് കാണിച്ച മറ്റൊരു സിനിമ ഇതുവരെ പിറന്നിട്ടില്ല. ഉറ്റസുഹൃത്തുക്കളായ കരുണാനിധിയും എം.ജി രാമചന്ദ്രനും തമ്മിലുള്ള വൈരാഗ്യവും അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ വന്ന വിപ്ലവവുമെല്ലാം ഇരുവർ തുറന്നുകാട്ടി. അക്കൊല്ലത്തെ മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ അവാർഡും മികച്ച സഹനടനുള്ള ദേശീയ അവാർഡും ഇരുവറിനായിരുന്നു.
ദിൽ സേ
ഭാഷയോ വൈവിധ്യമായ സംസ്കാരമോ ഐതിഹാസിക സിനിമകൾ ഒരുക്കുന്നതിൽ പ്രതിസന്ധിയാകില്ലെന്നതിനുള്ള തെളിവാണ് ദിൽ സേ. ഷാരൂഖ് ഖാൻ, മനീഷ കൊയ്‌രാള, പ്രീതി സിന്റ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാമുദായിക കലാപമല്ല പ്രമേയമാക്കിയത്. മാനുഷിക അവകാശമായിരുന്നു ദിൽ സേയുടെ അടിത്തറ. എ.ആർ എന്ന സംഗീതമാന്ത്രികന്‍റെ അതിശയകരമായ സംഗീതവും ദിൽ സേയുടെ സവിശേഷതയായിരുന്നു.
അലൈ പായുതേ
എ.ആറിന്‍റെ മാന്ത്രിക സംഗീതത്തിന്‍റെ അതേ താളത്തിൽ പ്രണയമുഹൂർത്തങ്ങൾ കോർത്തൊരുക്കിയ എ മണിരത്നം ഫിലിം, അതായിരുന്നു അലൈപായുതേ. മാധവനെയും ശാലിനിയെയും മികച്ച പ്രണയജോഡികളായി പ്രേക്ഷകൻ നെഞ്ചിലേറ്റിയത് ഈ ചിത്രത്തിലൂടെയാണ്. സിനിമയുടെ വമ്പൻ വിജയം റാണി മുഖർജിയേയും വിവേക് ഒബ്റോയിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഹിന്ദി പതിപ്പൊരുക്കുന്നതിനും പ്രചോദനമായി. മണിരത്നത്തിന്‍റെ അസിസ്റ്റന്‍റായി പ്രവർത്തിച്ച ഷാദ് അലിയായിരുന്നു ഹിന്ദി റീമേക്ക് തയ്യാറാക്കിയത്.
യുവ
കൊൽക്കത്ത നഗരത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം. അജയ് ദേവ്ഗൺ, വിവേക് ഒബ്റോയി, അഭിഷേക് ബച്ചൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. മണിരത്നത്തിനൊപ്പം അനുരാഗ് കശ്യപും ചേർന്ന് തിരക്കഥ ഒരുക്കിയ യുവ ബോക്സ് ഓഫിസ് ഹിറ്റ് കൂടിയാണ്.