എറണാകുളം: അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായ നിഴലിന്റെ ചിത്രീകരണം ആരംഭിച്ചു. കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ പല സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്ററാണ് അപ്പു ഭട്ടതിരി. എസ്.സഞ്ജീവാണ് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്.
ത്രില്ലർ സ്വഭാവമുള്ള സിനിമയാണ് നിഴല്‍ എന്ന് സംവിധായകൻ അപ്പു ഭട്ടതിരി പറഞ്ഞു. ഇൻഡോർ രംഗങ്ങളായിരിക്കും ആദ്യം ചിത്രീകരിക്കുക. ദീപക്.ഡി.മേനോൻ ഛായാഗ്രാഹണവും, സൂരജ്.എസ്.കുറുപ്പ് സംഗീത സംവിധാനവും നിർവഹിക്കും. അപ്പു ഭട്ടതിരിയും അരുൺ ലാലും ചേർന്നാണ് എഡിറ്റിങ് ചെയ്യുന്നത്. സൗണ്ട് ഡിസൈനിങ് അഭിഷേക്.എസ്.ഭട്ടതിരിയും, ടൈറ്റിൽ ഡിസൈൻ നാരായണ ഭട്ടതിരിയും നിർവഹിക്കും.