എറണാകുളം: 'കൃഷ്‌ണൻകുട്ടി പണിതുടങ്ങി' സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങി. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, സാനിയ ഇയ്യപ്പൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തൊടുപുഴയിൽ ആരംഭിച്ചു.
പാവ, എന്‍റെ മെഴുതിരി അത്താഴങ്ങൾ എന്നീ സിനിമകൾക്ക് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ്. ഹരിനാരായണനാണ് ഗാനരചന.
പെപ്പർ കോൺ സ്റ്റുഡിയോസിന്‍റെ ബാനറിൽ നോബിൾ ജോസ് നിർമിക്കുന്ന സിനിമയിൽ നിർമ്മാതാവ് സന്തോഷ് ദാമോദരനും ജോയി ജോൺ ആന്‍റണിയും മുഖ്യവേഷങ്ങളെ അവതരിപ്പിക്കുന്നു. ജിത്തു ദാമോദർ ചായഗ്രഹണവും, കിരൺ ദാസ് എഡിറ്റിങ്ങും ചെയ്യുന്നു.
ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ ജസ്റ്റിൻ ജോസാണ്. അഷ്റഫ് ഗുരുക്കൾ ആണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരി രണ്ടാം വാരം തൊടുപുഴയിൽ പൂർത്തിയാകും.