കോട്ടയം: ആസ്വാദകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സിനിമ തിയേറ്ററുകള്‍ തുറന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ അടച്ച തിയേറ്ററുകള്‍ 10 മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തുറന്നത്. വിനോദ നികുതിയിലടക്കം വന്‍ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തിേയറ്ററുകള്‍ വീണ്ടും തുറക്കാന്‍ സാഹചര്യമൊരുങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിയേറ്ററുകളില്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഓരോ ദിവസത്തെയും പ്രദര്‍ശനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഓരോ പ്രദര്‍ശനത്തിനും ശേഷം തിയേറ്ററുകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് അടുത്ത പ്രദര്‍ശനം നടത്തുക. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ദളപതി വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
ആര്‍പ്പുവിളികളോടെയും നിറഞ്ഞ കൈയടികളോടെയുമാണ് ചിത്രത്തെ ആരാധകര്‍ വരവേറ്റത്. കോട്ടയത്ത് വിജയ് ഫാന്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വിജയ്‌യുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തി. 500ഓളം സ്‌ക്രീനുകളിലാണ് മാസ്റ്റര്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ പ്രദര്‍ശനം ഫാന്‍സിന് വേണ്ടിയാണ് ഒരുക്കിയിരുന്നത്.