കേരളത്തിലെ സെയ്‌ന്‍റ് തോമസ് ക്രിസ്‌ത്യൻ സമൂഹത്തിൽ ഉൾപ്പെടുന്ന വിഭാഗമാണ് ക്‌നാനായ. ഈ സമുദായത്തിലെ വിവാഹരീതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഹ്രസ്വ ചിത്രം ഈയിടെയായി പുറത്തിറക്കിയിരുന്നു. മറ്റ് സമുദായങ്ങളിൽ നിന്നുള്ള വിവാഹബന്ധങ്ങൾ അംഗീകരിക്കില്ലെന്നാണ് ക്‌നാനായ ലഖുചിത്രത്തിൽ വിശദീകരിക്കുന്നത്. എന്നാൽ, വംശീയതയെ പിന്താങ്ങുന്ന ഹ്രസ്വ ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങളും പരിഹാസവുമാണ് ട്രോളുകളിലൂടെ പ്രചരിക്കുന്നത്.
വംശശുദ്ധി കാത്തു സൂക്ഷിക്കുന്നതിനായി പുറത്തു നിന്നുള്ളവരുടെ വിവാഹാഭ്യർഥന നിരസിക്കുന്ന രണ്ടു തലമുറയിലെ യുവതികളുടെ കാഴ്‌ചപ്പാടിലൂടെ ആണ് ക്‌നാനായ സമുദായത്തെ കുറിച്ച് വിവരിക്കുന്നത്. എഡി 345ൽ കേരളത്തിലെത്തിയ തങ്ങളുടെ കാരണവന്മാർ വംശശുദ്ധി കാത്തു സൂക്ഷിക്കണം എന്നാണ് പറഞ്ഞിട്ടുള്ളതെന്നും പാരമ്പര്യവും വംശശുദ്ധിയും നഷ്‌ടപ്പെടാതിരിക്കാൻ ക്‌നാനായ പെൺകുട്ടികൾ ആരും വേറെ വിഭാഗക്കാരെ വിവാഹം ചെയ്യില്ലെന്നും വീഡിയോയിൽ പറയുന്നു. എന്നാൽ, കൊവിഡ് അതിഗുരുതരമായ സാഹചര്യത്തിലും പരിഷ്‌കൃതമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്നതിനെയാണ് ട്രോളന്മാർ വിമർശിക്കുന്നത്.
ജാതി, മത അടിസ്ഥാനത്തിലുള്ള വേർതിരിവുകളെ അവഗണിക്കുന്ന ഭൂരിഭാഗത്തിനും ഈ ഹ്രസ്വചിത്രം രസിച്ചില്ലെന്ന് മാത്രമല്ല, യുവജനങ്ങളിലേക്ക് സമുദായ വേർതിരിവുകളും വംശശുദ്ധിയും പകർത്താൻ ശ്രമിക്കുന്നതിന് എതിരെയും ട്രോളുകൾ നിറഞ്ഞു.
സിനിമകളിൽ ക്‌നാനായ പരാമർശിച്ചിരുന്നുവെങ്കിൽ എങ്ങനെയുണ്ടാവുമെന്നും ട്രോളുകൾ ചിത്രീകരിച്ചു.
മകൾക്ക് നല്ലൊരു വിവാഹം, സ്വന്തം സമുദായത്തിൽ നിന്നു തന്നെ എന്ന് പറയുന്ന അമ്മയും അമ്മയുടെ ഭൂതകാലവും സ്വന്തം സമുദായം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് വിവരിക്കുന്ന പെൺകുട്ടിയും വീഡിയോയുടെ അവസാനം വല്ല ക്‌നാനാക്കാരനായി ജനിച്ചാൽ മതിയാരുന്നു എന്ന് പറയുന്ന യുവാവുമെല്ലാം 21-ാം നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടാത്തവരാണെന്നും ട്രോളന്മാർ പരിഹസിച്ചു.
പെൺകുട്ടികൾ മറ്റു സമുദായങ്ങളിൽ നിന്നും വിവാഹം കഴിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട് എന്ന് പരാമർശിക്കുന്നതിനും സമൂഹമാധ്യമങ്ങൾ നന്നായി വിമർശനം നൽകി. പാഴ്‌ത്തുരുത്ത് സെന്‍റ് കുരിയാക്കോസ് ക്‌നാനായ കത്തോലിക് ചർച്ചും കുവൈറ്റ് കെസിവൈഎല്ലും ചേർന്നാണ് ഹ്രസ്വ ചിത്രം പുറത്തുവിട്ടത്. എന്തായാലും, വംശശുദ്ധിയെ പറ്റി പറഞ്ഞ് ക്‌നാനായ വിവാദ ഹ്രസ്വ ചിത്രം എൺപതിനായിരത്തിൽ അധികം കാഴ്‌ചക്കാരെ നേടിക്കഴിഞ്ഞു.