മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്ചകൾകൊണ്ട് സമ്പുഷ്ടമാക്കിയ പ്രതിഭ എന്നാണ് എല്ലാക്കാലവും കെ.ജി ജോർജ് അറിയപ്പെടുന്നത്. കാലാതീതമായ കലയാണ് സിനിമ എന്നതിനോട് നീതിപുലർത്തുന്ന പേര് കൂടിയാണ് അത്. പുതുതലമുറ സിനിമാ സംവിധായകരിൽ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്നതും അദ്ദേഹത്തെ തന്നെയായിരിക്കും. തന്റേതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യ പരിചരണത്തിലൂടെയും മലയാള സിനിമ പിന്തുടർന്ന് പോന്ന ഭാഷയും രീതികളുമെല്ലാം മാറ്റി എഴുതുകയായിരുന്നു കെ.ജി ജോർജ്. 1976ൽ റിലീസ് ചെയ്ത ആദ്യ സിനിമയായ സ്വപ്നാടനം മുതൽ അവസാനം പുറത്തിറങ്ങിയ ഇളവങ്കോട് ദേശം വരെയുള്ള സിനിമകൾ ഓരോന്നും പരിശോധിച്ചാൽ കെ.ജി ജോർജ് എന്ന സംവിധായകന്റെ പ്രതിഭ മനസിലാക്കാന്‍ സാധിക്കും.
മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉൾക്കടൽ, മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമകളിലൊന്നായ പഞ്ചവടിപ്പാലം, മലയാള സിനിമയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന യവനിക, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളില്പ്പെടുന്ന ഇരകൾ, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായ ആദാമിന്റെ വാരിയെല്ല് അങ്ങനെ കെ.ജി ജോര്‍ജ് എന്ന സംവിധായകനെ അടയാളപ്പെടുത്തിയ സിനിമകള്‍ ഒട്ടനവധിയാണ്.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോള്‍ കെ.ജി ജോര്‍ജിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഡോക്യുമെന്ററി വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. '8 1/2 ഇന്റര്‍കട്ട്സ്' എന്നാണ് ഈ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2017ലെ കൊച്ചി ബിനാലെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ സിനിമ പിന്നീട് ഗോവയിലെ ഐഎഫ്എഫ്ഐ പനോരമയിലും കേരള ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു മണിക്കൂര്‍ അമ്പത് മിനിറ്റ് നീളമുള്ള ഈ സിനിമയില്‍ കെ.ജി ജോര്‍ജിന്റെ കലയും ജീവിതവും വിശദ അന്വേഷണത്തിനും നിരീക്ഷണത്തിനും വിധേയമാകുന്നുണ്ട്. ലിജിന്‍ ജോസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഷിബു.ജി.സുശീലന്, ലിജിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബി.അജിത് കുമാറാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ ഉടന്‍ നീ സ്ട്രീമില്‍ സ്ട്രീം ചെയ്ത് തുടങ്ങും.