എറണാകുളം: ഷെയ്‌ൻ നിഗം ഖേദം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഷെയ്‌ൻ കാരണം നിർമാതാക്കൾക്ക് സംഭവിച്ച നഷ്ടമാണ് പ്രധാനം. ഉല്ലാസം സിനിമയുടെ ഡബ്ബിങ് എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ ഷെയ്‌ൻ തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് രേഖാമൂലം അസോസിയേഷൻ കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഉല്ലാസം സിനിമയുടെ നിർമാതാവിൽ നിന്നും ഷെയ്‌ൻ പണം കൈപ്പറ്റിയിരുന്നതിനാൽ ഡബ്ബ് ചെയ്യുന്നതിന് ഷെയ്‌ൻ തയ്യാറാകണമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
നിർമാതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചാണ് ഷെയ്‌ൻ നിഗം കഴിഞ്ഞ ദിവസം ഇ-മെയിൽ അയച്ചത്. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാതെ ചർച്ചയില്ലന്ന് സിനിമാ രംഗത്തെ സംഘടനകൾ തീരുമാനിച്ചിരുന്നു. ഇതിന് മുമ്പ് തന്നെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകിയ കത്തിന് മറുപടി നൽകാൻ നടൻ തയ്യാറായിട്ടില്ല. തങ്ങളുന്നയിച്ച യഥാർത്ഥ പ്രശ്‌നങ്ങളിൽ ഷെയ്‌നിന്‍റെ നിലപാട് വ്യക്തമാക്കാതെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലന്ന് കെഎഫ്‌പിഎ പ്രസിഡന്‍റ് രഞ്ജിത്ത് വ്യക്തമാക്കി.