എറണാകുളം/ പാലക്കാട്/ കണ്ണൂർ: പത്ത് മാസത്തിന് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നത് ആഘോഷമാക്കി ആസ്വാദകർ. കൊവിഡിനെതിരെയുള്ള അതിജീവനം തുടരുമ്പോഴും സർക്കാരിന്‍റെ കടുത്ത നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനം ആരംഭിച്ചത്. സംസ്ഥാന വ്യാപകമായി സിനിമ ആസ്വാദകർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ആഘോഷപരിപാടികൾ നടന്നത്.
കൊച്ചിയില സിനിമാ പ്രേമികളും കൊവിഡിന് ശേഷമുള്ള സിനിയുടെ തിയേറ്റർ പ്രവേശനം ആഘോഷമാക്കി. ആദ്യദിനം വിജയ് ചിത്രം മാസ്റ്റർ റിലീസ് ചെയ്തതും ആവേശം ഇരട്ടിയാക്കി. രാവിലെ 9 മണിക്കായിരുന്നു ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനമെങ്കിലും പലരും നേരത്തെയെത്തി ഗേറ്റിന് മുൻപിൽ ഇടം പിടിച്ചു. ആർപ്പുവിളികളോടെയും ആവേശത്തോടെയുമാണ് തിയേറ്ററുകൾക്കുള്ളിലേക്ക് കാണികൾ പ്രവേശിച്ചത് .
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിന്നു തിയേറ്ററുകളുടെ പ്രവര്‍ത്തനം. പ്രേക്ഷകരുടെ താപനില പരിശോധിച്ചും സാനിറ്ററൈസർ നൽകിയുമാണ് കാണികളെ കടത്തിവിട്ടത്. ഒരു സീറ്റ് ഒഴിച്ചിട്ട് സാമൂഹ്യ അകലം ഉറപ്പാക്കിയായിരുന്നു പ്രദർശനം. കൊച്ചിയിലെ സവിത തിയേറ്ററിന്‍റെ മുൻപിലുള്ള കൂറ്റൻ കട്ട്ഔട്ടിൽ പാലഭിക്ഷേകം നടത്തിയായിരുന്നു ഫാൻസുകാരുടെ ആഹ്ളാദപ്രകടനം.
പാലക്കാട് ജില്ലയിൽ പലയിടത്തും മഴ പ്രതികൂല സാഹചര്യം സൃഷ്ടിച്ചുവെങ്കിലും അതിനെയൊന്നും വക വെക്കാതെയാണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത്. കൊവിഡ് മാനദണ്ഡമനുസരിച്ച് 50 ശതമാനം ടിക്കറ്റുകൾ മാത്രമേ വിൽക്കാവൂയെന്ന് നിർദേശമുണ്ടായിരുന്നു. അതിരാവിലെ തുടങ്ങിയ ടിക്കറ്റ് വിൽപന തകൃതിയായപ്പോൾ ടിക്കറ്റ് ലഭിക്കാതെ നിരവധി പേർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.
മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിക്കുന്നത്. ജില്ലയിലെ മിക്ക തിയേറ്ററുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു. ഗൂളിക്കടവ് ന്യൂ അതുല്യ തിയേറ്ററിൽ യന്ത്രത്തകരാർ മൂലം ഫസ്റ്റ് ഷോ മുടങ്ങിയത് നേരിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. ടിക്കറ്റിന്‍റെ പണം തിരികെ നൽകിയാണ് പ്രശ്നങ്ങൾ ഒഴിവാക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പ്രവർത്തകർക്ക് തിയേറ്ററുകളിൽ ചുമതല നൽകിയിരുന്നു.
തലശ്ശേരിയിലെ ലിബർട്ടി തിയേറ്ററുകളും തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററുകളും ഉത്സവാന്തരീക്ഷത്തിലാണ് സിനിമാ പ്രദർശനം തുടങ്ങിയത്. ലിബർട്ടി ഗ്രൂപ്പിന്‍റെ ആറ് കേന്ദ്രങ്ങളിലേക്ക് പുലർച്ചെ മുതൽ ആവേശത്തോടെ കാണികൾ ഒഴുകിയെത്തി. രാവിലെ 9 മണി മുതലായിരുന്നു പ്രദർശനം. ചിത്രത്തെ ജനപ്രിയമാക്കാനുള്ള ആളും ആരവങ്ങളും വിജയ് ഫാൻസുകാർ ഇന്നലെ തന്നെ ഒരുക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ പ്രതീക്ഷക്ക് വക കാണുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. മാസ്റ്റർ യുവാക്കളെ ആകർഷിക്കുന്ന സിനിമയാണ്. കുടുംബ ചിത്രങ്ങൾ പ്രദർശനത്തിന് എത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂ. വൈദ്യുതി ചാർജിലും വിനോദനികുതിയിലുമുള്ള ഇളവുകൾ പ്രദർശനശാലകൾക്ക് ഒട്ടൊന്നുമല്ല ആശ്വാസം പകർന്നിട്ടുള്ളത്. തിയേറ്റർ പ്രവർത്തനമാരംഭിച്ചത് ഏറെ സന്തോഷം പകരുന്നതായും ജീവനക്കാർ പറഞ്ഞു.