എറണാകുളം: വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് കാവേരി കല്യാണി. ഇപ്പോഴിതാ അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്ക് കാവേരി ചുവടുവക്കുകയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന റൊമാന്‍റിക് സൈക്കോളജിക്കൽ ത്രില്ലറാണ് താരത്തിന്‍റെ ആദ്യ സംവിധാന സംരംഭം. കാവേരി സംവിധായികയാകുമെന്ന സൂചനകൾ മാർച്ച് മാസം പുറത്തുവിട്ടിരുന്നെങ്കിലും ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
സിനിമയിൽ തെലുങ്ക് നടൻ ചേതൻ ചീനുലാലാണ് പ്രധാന വേഷം ചെയ്യുന്നത്. യഥാർഥ ജീവിതസംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചിത്രം കെകെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കാവേരി കല്യാണി തന്നെയാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ഇപ്പോൾ ചിത്രത്തിന്‍റെ രണ്ട് ഭാഷകളിലൊരുക്കുന്ന ഗാനങ്ങളുടെ സംഗീതപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം, വാർധക്യപുരാണം, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി, ദേവരാഗം, ഉദ്യാനപാലകൻ, കിലുകിൽ പമ്പരം, തച്ചിലേടത്ത് ചുണ്ടൻ, തില്ലാനാ തില്ലാനാ, കങ്കാരു, ജനകൻ എന്നീ സിനിമകളിലൂടെ മലയാളിക്ക് സുപരിചിതയായ നടി 'കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ' എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.