"പ്രിയമുള്ളവരെ, നിങ്ങൾ സ്‌നേഹത്തിന്‍റെ അതിമധുരമാവുക. അത്യാവശ്യമുള്ള ഉറുമ്പുകൾ ഇഷ്‌ടത്തോടെ അരികിലെത്തും. ക്ഷണം വേണ്ട! അറിയിപ്പുകൾ വേണ്ട! നിങ്ങൾ മധുരമാവാതെ 'മധുരം മധുര'മെന്ന് ലോകത്തിലെ എല്ലാ ഭാഷയിലും ഘോഷിച്ചാലോ- ഒരുപാട് സന്ദർശകരെത്തും. പക്ഷേ, ഉറുമ്പുമാത്രമുണ്ടാവില്ല," പരമഹംസ വചനത്തിൽ നിന്നും ഉൾക്കൊണ്ട് കൈതപ്രം പരാമർശിച്ച ഈ വരികൾ അദ്ദേഹത്തിന്‍റെ കലാസൃഷ്‌ടിയിലും പ്രകടമായിരുന്നു. താനൊരു കലാപ്രതിഭയാണെന്ന് വിളിച്ചുപറയേണ്ടി വന്നില്ല, ഹൃദ്യസ്ഥമായ രചനയിലൂടെ അതിനെ സംഗീതലോകം സ്വീകരിക്കുകയായിരുന്നു.
വരികളിലൂടെ ഭാവം പകരുമ്പോൾ ഒരു സാഹിത്യകാരൻ ആസ്വാദകനിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അവിടെയാണ് കൈതപ്രം മലയാളിയുടെ ഹൃദയത്തോട് ഇഴകിച്ചേർന്നു നിൽക്കുന്നതും. പതിയെ ഒഴുകി സംഗീതാസ്വാദകനിലേക്ക് പരക്കുന്ന മെലഡി ഗാനങ്ങളും "ലജ്ജാവതിയേ" പോലെ ഒരു കാലത്ത് യുവാക്കൾ ഹരമാക്കിയ ഗാനങ്ങളും ആ കലാകാരന്‍റെ സൃഷ്ടികളാണ്. അങ്ങനെ എത്രയെത്ര ഗാനങ്ങൾ. ഇന്ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രം ദാമോദരൻ സപ്തതിയുടെ നിറവിൽ എത്തുമ്പോൾ സംഗീതത്തിനും സിനിമയ്ക്കും അത് യശസ്സിന്‍റെ മുഹൂർത്തം കൂടിയാണ്.
സംഗീത സംവിധായകനായി മാത്രമല്ല, തിരക്കഥാരചയിതാവായും തിരശ്ശീലക്കുള്ളിലും പുറത്തും സംഗീതജ്ഞനായുമൊക്കെ പലവട്ടം ആരാധകർ അദ്ദേഹത്തെ സിനിമയുടെ പലഭാഗങ്ങളിലായി കണ്ടുമുട്ടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി ബഹുമതികൾ തേടിയെത്തിയ കൈതപ്രം 1950 ഓഗസ്റ്റ് നാലിന് പയ്യന്നൂര്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്‍റെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദാമോദരൻ നമ്പൂതിരി പഴശ്ശിത്തമ്പുരാന്‍, കെ. പി പണിക്കര്‍, പൂഞ്ഞാര്‍ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ്.വി.എസ് നാരായണന്‍ തുടങ്ങിയവരുടെ ശിഷ്യനായി സംഗീതത്തിന്‍റെ പാഠങ്ങൾ പഠിച്ചു. ടെലികമ്യൂണിക്കേഷനില്‍ കൈതപ്രം ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ സംഗീതപഠനത്തിനിടയിലാണ് 1974ൽ ആകാശവാണിയിൽ അദ്ദേഹം ആദ്യമായി പാടുന്നത്. നടൻ നരേന്ദ്രപ്രസാദിന്‍റെ നാട്യഗൃഹം എന്ന നാടകട്രൂപ്പിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നും ശബ്ദം നൽകിയും അദ്ദേഹം കലാരംഗത്തെ ആദ്യ ചുവടുകൾ ഗംഭീരമാക്കി. സംസ്കൃതപഠനവും സാഹിത്യവായനയും കുട്ടിക്കാലം മുതൽ പിന്തുർന്നിരുന്ന കലാകാരൻ കവിതാരചന നടത്തുകയും അത് യേശുദാസിന്‍റെ തരംഗിണി അടക്കമുള്ള മാസികകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
മലയാളസിനിമയിൽ 350ഓളം ഗാനങ്ങൾക്ക് രചന നിർവഹിച്ച കൈതപ്രം 1986ല്‍ ഫാസിലിന്‍റെ 'എന്നെന്നും കണ്ണേട്ടന്‍റെ' സിനിമയിലെ "ദേവദുന്ദുഭി സാന്ദ്രലയം" ഗാനത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1989ലെ ചിത്രം വരവേൽപിലൂടെ കൈതപ്രം– ജോൺസൺ കൂട്ടുകെട്ടും പിറന്നു. സംഗീതപ്രേമികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായി ജോൺസൺ മാസ്റ്റർ മാറിയപ്പോൾ, കൈതപ്രം ദാമോദരൻ പ്രിയഗാനരചയിതാവുമായി. പിന്നീട്, ബൈ ദി പീപ്പിൾ, തന്മാത്ര, നോട്ടം, നരൻ, രാപ്പകൽ, പളുങ്ക്, നിവേദ്യം, യുഗപുരുഷൻ, പുതിയ മുഖം, ഉറുമി, വെള്ളിവെളിച്ചത്തിൽ, റോബിൻഹുഡ് തുടങ്ങിയ ചിത്രങ്ങളിൽ, പല ഭാവത്തിൽ അദ്ദേഹത്തിന്‍റെ ഗാനസൃഷ്‌ടികളെ മലയാളി അനുഭവിച്ചറിഞ്ഞു. സോപാനം ചിത്രത്തിലൂടെ തിരക്കഥാകൃത്തായും മഴവില്ലിനറ്റം വരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ സംവിധായകനായും കൈതപ്രം തന്‍റെ സാന്നിധ്യം അടയാളപ്പെടുത്തി. തീർത്ഥാടനം, കൈക്കുടന്ന നിറയെ, കാരുണ്യം, കളിയാട്ടം, താലോലം ചിത്രങ്ങളിലെ ഗാനങ്ങളാവട്ടെ ചിട്ടപ്പെടുത്തിയത് മറ്റാരുമല്ല, അതും കൈതപ്രമായിരുന്നു. കാമറക്ക് മുമ്പിലും പ്രേക്ഷകൻ കണ്ടിട്ടുണ്ട് പലപ്പോഴായി കൈതപ്രത്തെ. ആര്യന്‍, സോപാനം, വൈശാലി, സ്വാതിതിരുനാള്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, നിവേദ്യം ചിത്രങ്ങളിൽ അഭിനേതാവായി.
1993ല്‍ പൈതൃകം സിനിമയിലൂടെയും 1996ല്‍ അഴകിയ രാവണനിലൂടെയും മികച്ച ഗാനരചയിതാവിന്‍റെ സംസ്ഥാന അവാർഡ് കരസ്ഥമാക്കി. അങ്ങനെ സംഗീതത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ അഞ്ച് പുരസ്‌കാരങ്ങളാണ് കൈതപ്രം സ്വന്തമാക്കിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയായി അറിയപ്പെട്ടിരുന്ന കലാകാരൻ, തന്‍റെ പേര് കൈതപ്രം ദാമോദരൻ എന്ന് മാത്രം മതിയെന്ന് 2017ൽ ഒരു പൊതുവേദിയിൽവെച്ച് അറിയിച്ചിരുന്നു. ഇന്ന് അദ്ദേഹം ജീവിതത്തിലെ എഴുപത് വർഷങ്ങൾ പിന്നിടുകയാണെങ്കിലും നക്ഷത്രപ്രകാരം അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനം ഓഗസ്റ്റ് ഒമ്പതാണ്.