ദൃശ്യത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫിന്‍റെ പുതിയ ചിത്രം വരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സർവൈവർ ത്രില്ലറൊരുക്കിയ നടനും സംവിധായകനും വീണ്ടുമൊരുമിക്കുമ്പോൾ, നിർമാതാവായി ആന്‍റണി പെരുമ്പാവൂരും ഒപ്പമുണ്ട്.
ജീത്തു ജോസഫിന്‍റെ മിസ്റ്ററി ത്രില്ലർ
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി മിസ്റ്ററി ത്രില്ലര്‍ ഒരുക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മലയാളം കാത്തിരിക്കുന്ന ദൃശ്യത്തിന്‍റെ മൂന്നാം പതിപ്പിന് മുൻപ് ത്രില്ലർ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് സംവിധായകൻ അറിയിച്ചത്. സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
More Read: ദൃശ്യം 2വിന്‍റെ എഴുത്ത് ലോകനിലവാരമുള്ളതെന്ന് സംവിധായകന്‍ രാജമൗലി
പൃഥ്വിരാജിന്‍റെ രണ്ടാമത്തെ സംവിധാന ചിത്രം ബ്രോ ഡാഡിയേക്കാൾ മുൻപേ മോഹൻലാൽ കാമറക്ക് മുന്നിലെത്തുന്നത് ഈ പുതിയ ചിത്രത്തിലായിരിക്കുമെന്നും സൂചനയുണ്ട്.
പുതിയ മിസ്റ്ററി ത്രില്ലറിനും ദൃശ്യത്തിനും ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ റാം എന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിദേശത്തുൾപ്പെടെ ഷൂട്ടിങ് നിശ്ചയിച്ചിട്ടുള്ള ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനിരിക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലണ്ടന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളാണ് ഇന്ത്യയ്‌ക്ക് പുറമെയുള്ള റാമിന്‍റെ ലൊക്കേഷനുകൾ.