കണ്ണൂർ: അടിമുടി തളിപ്പറമ്പിന്‍റെ സിനിമയാണ് 'വെള്ളം'. ജയസൂര്യ നായകനായ വെള്ളത്തിന്‍റെ അണിയറയിലും അഭിനേതാക്കളായും നിരവധി തളിപ്പറമ്പുകാരാണ് പ്രവർത്തിച്ചത്. പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ പ്രമേയമാവട്ടെ, അതും ഒരു തളിപ്പറമ്പുകാരന്‍റെ കഥ തന്നെയാണ്. തളിപ്പറമ്പ് സ്വദേശിയായ മുരളി കുന്നുംപുറത്തിന്‍റെ സിനിമയെ വെല്ലുന്ന ജീവിതകഥ. അതിനാൽ തന്നെ, ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച തിയേറ്ററിലെത്തിയ വെള്ളം മികച്ച വിജയം നേടുന്നതിൽ ഏറ്റവുമധികം ആഹ്ളാദിക്കുന്നതും തളിപ്പറമ്പുകാരാണ്.
വെള്ളം സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ വിജേഷ് വിശ്വം തളിപ്പറമ്പ് സ്വദേശിയാണ്. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായ ഷംസുദ്ദീൻ കുട്ടോത്താണ് മറ്റൊരു സഹരചയിതാവ്. ചിത്രത്തിലെ ഗാനമാലപിച്ചത് തളിപ്പറമ്പിലെ വിശ്വനാഥനാണെന്നത് മറ്റൊരു ഹൈലൈറ്റ്. ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂറിന്‍റെ നിർണായക വേഷത്തിന് പുറമെ മാധ്യമ പ്രവർത്തകനായ റിയാസ് കെ.എം.ആർ, അടുത്തിടെ അന്തരിച്ച നാടക- ചലച്ചിത്ര നടൻ സി.വി.എൻ ഇരിണാവ്, സന്തോഷ് കീഴാറ്റൂരിന്‍റെ സഹോദരൻ സുധീഷ് കീഴാറ്റൂർ, പുതുമുഖ നടി ജിജിന എന്നിവരും തളിപ്പറമ്പിന്‍റെ സ്വന്തം താരങ്ങളാണ്.
തളിപ്പറമ്പിന്‍റെ സ്വന്തം സിനിമയെ മലയാളികൾ സ്വീകരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വെള്ളത്തിന്‍റെ സഹരചയിതാവ് വിജേഷ് വിശ്വം പറഞ്ഞു. സ്വന്തം നാടിന്‍റെ കഥ പറഞ്ഞ സിനിമ തിയേറ്ററിൽ കാണാനായതിന്‍റെ സന്തോഷം നാട്ടുകാരും മറച്ചുവെച്ചില്ല. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളായ പൂമംഗലം, മുള്ളൂൽ, തൃച്ചംബരം തുടങ്ങിയ പ്രദേശങ്ങളിലുമാണ് വെള്ളം ചിത്രീകരിച്ചത്. അങ്ങനെ ആകെക്കൂടി തളിപ്പറമ്പിന്‍റെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ ചിത്രം.