കണ്ണൂര്‍: കൊവിഡിന് ശേഷം ആദ്യമായി തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമ വെള്ളത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം. തളിപ്പറമ്പ് സ്വദേശിയായ മുരളി കുന്നുംപുറത്തിന്‍റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ക്യാപ്റ്റന്‍ എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് വെള്ളം. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്നതിന് പിന്നാലെ പ്രദർശനത്തിനെത്തിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. മുഴുക്കുടിയനായിരുന്ന ഒരാളുടെ ജീവിതവും അമിത മദ്യപാനത്തെ തുടർന്നുള്ള ജീവിതത്തിലെ മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിൽ എത്തിയ ആദ്യ മലയാള സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
മുരളി നമ്പ്യാർ എന്ന കഥാപാത്രമായി ജയസൂര്യ സിനിമയിൽ ജീവിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം. തന്റെ ജീവിതം അഭ്രപാളിയിൽ കാണാൻ യഥാർഥ മുരളിയും കുടുംബസമേതം തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ എത്തിയിരുന്നു. മുരളിയെ കൂടാതെ സിനിമയിലെ നായികമാരിൽ ഒരാളായ സ്നേഹ പാലിയേരി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ തുടങ്ങിയവരും മറ്റ് അണിയറപ്രവർത്തകരും തിയേറ്ററിലെത്തി. വെള്ളം സിനിമ കണ്ട് കണ്ണു നനഞ്ഞാണ് പ്രേക്ഷകർ തിയേറ്റർ വിട്ടിറങ്ങിയത്. കൊവിഡിന് ശേഷം റിലീസ് ചെയ്ത ആദ്യ മലയാള ചിത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റുന്ന കാഴ്ചക്ക് കൂടിയാണ് തിയേറ്ററുകൾ സാക്ഷിയായത്.